തോട്ടില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നഗരസഭ മേയറും ഡെപ്യൂട്ടി മേയറും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും മറ്റു ജീവനക്കാരും ഉള്‍പ്പെടെ ഒറ്റക്കെട്ടായി നിന്നപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പുമായി ബിജെപി. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ കൃത്യമായി ചെയ്തിരുന്നിട്ടും ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തെച്ചൊല്ലി നഗരസഭയെ കുറ്റപ്പെടുത്താനാണ് ഇന്നലെ ബിജെപി ശ്രമിച്ചത്. എന്നാല്‍ തോട്ടിലെ മാലിന്യ നീക്കത്തില്‍ നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു.
റെയില്‍വേയുടെ അധികാര പരിധിയില്‍ വരുന്ന തോടിന്റെ ഭാഗത്തു നിന്നും മാലിന്യവും മണ്ണും ചെളിയും സമയബന്ധിതമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി റെയില്‍വേയ്ക്ക് ജൂണ്‍ 19 ന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിനു മറുപടി നല്‍കാനോ മാലിന്യം വൃത്തിയാക്കാനോ റെയില്‍വേ നാളിതുവരെ തയ്യാറായില്ല. നഗരപരിധിയില്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് അടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട് യഥാസമയം വൃത്തിയാക്കാത്തതു മൂലം ഒഴുക്ക് തടസപ്പെട്ട് തമ്പാനൂര്‍ ഭാഗത്ത് വെള്ളക്കെട്ട് പതിവാണെന്നും അതിനാല്‍ തോട് വൃത്തിയാക്കണമെന്നുമായിരുന്നു നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. മേജര്‍ ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള ഈ തോടിന്റെ റെയില്‍വേ സ്റ്റേഷന് അടിയിലും പാഴ്സല്‍ ഓഫിസിനു സമീപവും പവര്‍ഹൗസ് റോഡിന് സമീപവും റെയില്‍വേ മരാമത്ത് വിഭാഗമാണ് പണി പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.
എന്നാല്‍ പല പ്രാവശ്യം ചേര്‍ന്ന മീറ്റിങ്ങുകളിലും നേരിട്ടും കത്ത് മുഖേനയും അറിയിച്ചിട്ടും റെയില്‍വേ അധികൃതര്‍ പവര്‍ഹൗസ് റോഡിന്റെ ഭാഗത്തു നിന്നും വടക്കോട്ട് ഏകദേശം 200 മീറ്റര്‍ ദൂരത്തില്‍ മാത്രമേ മണ്ണ് നീക്കിയിരുന്നുള്ളു. കെഎസ്ആര്‍ടിസി പരിസരവും തോടിന്റെ മുകളിലേക്കുള്ള ഭാഗവും യഥാസമയം നഗരസഭ മാലിന്യം നീക്കം ചെയ്ത് വരികയുമാണ്. അറിയിപ്പ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നും അല്ലാത്തപക്ഷം ഫൈന്‍ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറിയുടെ കത്തില്‍ പരാമര്‍ശിച്ചിരുന്നു. നഗരസഭ കൃത്യമായി ശുചീകരണ പ്രവൃത്തികള്‍ ചെയ്തിട്ടും രാഷ്ട്രീയമായി വിഷയത്തെ കണ്ടുകൊണ്ടാണ് ഇന്നലെ ബിജെപിയും ചില മാധ്യമങ്ങളും സംഭവത്തില്‍ പ്രതികരിച്ചത്. എന്നാല്‍ റെയില്‍വേയ്ക്കു അയച്ച നോട്ടീസ് പുറത്തുവന്നതോടെ നഗരസഭയ്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി.
English Summary;BJP took political advantage; Municipal Corporation had given a letter to Railways for waste removal
You may also like this video