Site iconSite icon Janayugom Online

പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ബിജെപി അതിക്രമം

ജനാധിപത്യ ഇന്ത്യയ്ക്ക് തീരാകളങ്കമായി അംബേദ്കര്‍ അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യാ സഖ്യ എംപിമാര്‍ക്ക് നേരെ ബിജെപി അംഗങ്ങളുടെ ആക്രമണം. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ ഭരണപക്ഷ എംപിമാര്‍ കായികമായി നേരിടുകയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ നിന്നും മുഖ്യപ്രവേശന കവാടമായ മകര്‍ ദ്വാറിലേക്ക് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അമിത് ഷാ മാപ്പു പറയുക, രാജിവയ്ക്കുക, ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി നീലവസ്ത്രമണിഞ്ഞും അംബേദ്കറുടെ ചിത്രം വഹിച്ചുമുള്ള പ്രകടനം പാര്‍ലമെന്റ് കവാടത്തിന് സമീപമെത്തിയതോടെ ഭരണപക്ഷ എംപിമാര്‍ തടഞ്ഞു. കോണ്‍ഗ്രസ് വിരുദ്ധ മുദ്രാവാക്യവുമായി അണിനിരന്ന ബിജെപി അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കാന്‍ എത്തിയതോടെ ബിജെപിക്കാര്‍ അദ്ദേഹത്തിനുനേരെ തിരിഞ്ഞു. സംഘര്‍ഷത്തിനിടെ സിപിഐ നേതാവ് പി സന്തോഷ് കുമാറിനുള്‍പ്പെടെ പരിക്കേറ്റു. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കാലിനും പരിക്കേറ്റു. ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രജ്പുത്ത് എന്നിവര്‍ സംഭവത്തിന് ശേഷം ചികിത്സ തേടി. 

രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ബിജെപി അംഗങ്ങള്‍ കൈയേറ്റം ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭാധ്യക്ഷന് പരാതി നല്‍കി. താന്‍ പാര്‍ലമെന്റിലേക്കു കടക്കുന്നത് ബിജെപി അംഗങ്ങള്‍ തടഞ്ഞതായി രാഹുല്‍ പറഞ്ഞു.
ഭരണഘടനാ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജ്യസഭയിലെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശമാണ് വന്‍ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നത്. അംബേദ്കറിന്റെ പേര് ആവര്‍ത്തിച്ച് ഉച്ചരിക്കുന്ന പ്രതിപക്ഷം അതിനു പകരം ദൈവത്തിന്റെ പേര് ഉരുവിടുകയാണെങ്കില്‍ ഏഴ് ജന്മം മോക്ഷം ലഭിക്കും എന്ന പരാമര്‍ശത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയായിരുന്നു. 

ഇന്നലെ രാവിലെ സമ്മേളിച്ച പാര്‍ലമെന്റിന്റെ ഇരു സഭകളും ഭരണ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ആദ്യം രണ്ടു വരെയും പിന്നീട് ഇന്നത്തേക്കും പിരിയുകയാണുണ്ടായത്. പ്രതിപക്ഷാംഗങ്ങള്‍ ജയ് ഭീം മുദ്രാവാക്യം മുഴക്കിയപ്പോള്‍ ട്രഷറി ബെഞ്ചില്‍ നിന്നും ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നു. സമ്മേളനം ഇന്ന് അവസാനിക്കും.

Exit mobile version