മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം. ആംആദ്മി പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ഇതോടെ 15 വര്‍ഷമായി കുത്തകയായിരുന്ന മുനിസിപ്പല്‍ ഭരണം ബിജെപിക്ക് നഷ്ടമായേക്കും. നാളെയാണ് ഫല പ്രഖ്യാപനം. ആംആദ്മി പാർട്ടിക്ക് 43 ശതമാനവും ബിജെപിക്ക് 35 ശതമാനവും കോൺഗ്രസിന് 10 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് ഇന്ത്യ‑ടുഡേ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ബിജെപിയായിരുന്നു മൂന്ന് കോര്‍പറേഷനുകളും ഭരിച്ചിരുന്നത്. 250 വാര്‍ഡുകളിലേക്കായിരുന്നു മത്സരം.
ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രകാരം ആംആദ്മി 146–156 സീറ്റുകൾ നേടുമെന്നും, ബിജെപി 84–94 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 6 മുതൽ 10 സീറ്റുകൾ മാത്രമേ നേടുവെന്നും പ്രവചിക്കുന്നു. 149 മുതല്‍ 171 വാര്‍ഡ് വരെ നേടി ആം ആദ്മി വിജയിക്കുമെന്നാണ് ആജ് തക് എക്സിറ്റ് പോള്‍. ബിജെപിക്ക് 69 മുതല്‍ 91 വാര്‍ഡുകള്‍ വരെ മാത്രമേ നേടാനാകൂ. അതേസമയം ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിന് 10ല്‍ താഴെ സീറ്റ് മാത്രമാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ സീറ്റ് നേടും.
15 വര്‍ഷമായി ബിജെപി ഭരിച്ചിട്ടും കാര്യമായ വികസനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പും ഒരേസമയം വെച്ചത് ആം ആദ്മി പാര്‍ട്ടി നേതാക്കളെ തടയാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തും
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍.ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടവും എക്സിറ്റ് പോള്‍ ഫലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. എട്ടിനാണ് ഫലപ്രഖ്യാപനം. ഗുജറാത്തില്‍ ബിജെപി 125 മുതല്‍ 140 സീറ്റുകള്‍ വരെ നേടുമെന്നാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്. അതേസമയം ഹിമാചല്‍ പ്രദേശില്‍ 32 മുതല്‍ 40 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. അതേസമയം ഇരു സംസ്ഥാനങ്ങളിലും മത്സരരംഗത്ത് സജീവമായിരുന്ന എഎപി കാര്യമായ മുന്നേറ്റമുണ്ടാക്കില്ല.
182 സീറ്റുകളിലേക്കാണ് ഗുജറാത്ത് നിയമസഭയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ജന്‍കീ ബാത്ത് ബിജെപിക്ക് 117 മുതല്‍ 140 സീറ്റുകള്‍ വരെയും, കോണ്‍ഗ്രസിന് 34 മുതല്‍ 51 സീറ്റുകള്‍ വരെയുമാണ് പ്രവചിക്കുന്നത്. പി മാര്‍ക്യൂ ബിജെപിക്ക് 128 മുതല്‍ 148 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് പരമാവധി 30–42 സീറ്റില്‍ ഒതുങ്ങും. ഹിമാചലില്‍ ഇടിജി എക്സിറ്റ്പോള്‍ പ്രകാരം ബിജെപി 38 സീറ്റും കോണ്‍ഗ്രസ് 28 സീറ്റും നേടുമെന്നാണ് പ്രവചനം. ആകെ 68 സീറ്റുകളിലേക്കാണ് ഹിമാചല്‍പ്രദേശ് നിയമസഭയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
English Summary: bjp will retain gujrat
You may also like this video