മണിപ്പൂരിലെ വംശീയ കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി പിന്തുണ പിൻവലിച്ചു . മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാർ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് അയച്ച ഔദ്യോഗിക കത്തിൽ പീപ്പിൾസ് പാർട്ടി പറയുന്നു.
പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിലുമുള്ള അതൃപ്തി ചൂണ്ടിക്കാട്ടി, സർക്കാരിൽ നിന്നുള്ള പിന്തുണ ഉടൻ പിൻവലിക്കാനുള്ള തീരുമാനം പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ 7 എംഎൽഎമാരാണ് പിന്തുണ പിൻവലിച്ചത്. മണിപ്പൂരിൽ ബിജെപിക്ക് നിലവിൽ 37 സീറ്റുകൾ സ്വന്തമായി ഉണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ജനതാദൾ യുണൈറ്റഡിന്റെ 1 എംഎൽഎ, നാഗാ പീപ്പിൾസ് ഫ്രണ്ടിലെ (എൻപിഎഫ്) അഞ്ച് എംഎൽഎമാർ, മൂന്ന് സ്വതന്ത്ര എംഎൽഎമാർ എന്നിവരുടെ പിന്തുണയും ബിജെപിക്കുണ്ട്.