Site iconSite icon Janayugom Online

ബികെഎംയു സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) സംസ്ഥാന കമ്മിറ്റി ഓഫിസ് (പി കെ ചാത്തന്‍ മാസ്റ്റര്‍, പി കെ രാഘവന്‍ സ്മാരകമന്ദിരം) സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ബികെഎംയു വളര്‍ച്ചയുടെ ഒരു പുതിയഘട്ടം താണ്ടുകയാണെന്നും കൃത്യതയോടെ ഓഫിസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉജ്വലമാര്‍ന്ന പാരമ്പര്യത്തിന്റെ പ്രതിഫലനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ചാത്തന്‍ മാസ്റ്ററുടെയും പി കെ രാഘവന്റെയും നാമധേയത്തിലുള്ള മന്ദിരം നാം വന്ന വഴികളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. എഴുപതുകളില്‍ ഇന്ത്യയിലാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഭൂസമരങ്ങളുടെ തുടര്‍ച്ചയാണ് ബികെഎംയുവിന്റെ വളര്‍ച്ച. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ജന്മിത്വത്തിന്റെ തായ്‌വേരുകള്‍ പിഴുതെറിഞ്ഞത്, ഭൂപരിഷ്കരണ നിയമത്തിലൂടെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിച്ച സി അച്യുതമേനോന്‍ സര്‍ക്കാരാണ് ആ സ്വപ്നം പൂര്‍ത്തീകരിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ് കെ ദാസ് ഹാള്‍ ബികെഎംയു ദേശീയ പ്രസിഡന്റ് എന്‍ പെരിയസ്വാമി ഉദ്ഘാടനം ചെയ്തു.

 

സംസ്ഥാന പ്രസിഡന്റും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജന്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ബികെഎംയു ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മയില്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം എ മുസ്തഫ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ രാജു, ടി സിദ്ധാര്‍ത്ഥന്‍, കെ വി ബാബു, സംസ്ഥാന സെക്രട്ടറിമാരായ വി എസ് പ്രിന്‍സ്, ആര്‍ അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് അരുണ്‍ കെ എസ്, ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, പള്ളിച്ചല്‍ വിജയന്‍, ടി ടി ജിസ്‌മോന്‍, ഇ എസ് ബിജിമോള്‍, പി കബീര്‍, മനോജ് ബി ഇടമന എന്നിവര്‍ പങ്കെടുത്തു. പാപ്പനംകോട് അജയന്‍ നന്ദി പറഞ്ഞു.

Exit mobile version