Site iconSite icon Janayugom Online

കോട്ടയത്ത് വൻ കുഴൽപ്പണവേട്ട;1 കോടിയിലേറെ രൂപ പിടിച്ചെടുത്തു

അന്തര്‍സംസ്ഥാന ബസില്‍ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന 1.12 കോടി രൂപയും 12,000 രൂപയുടെ ബ്രിട്ടീഷ് കറന്‍സികളും എക്‌സൈസ് സംഘം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം മഞ്ചല്ലൂര്‍ കുണ്ടയം ജസീറ മന്‍സിലില്‍ ഷാഹുല്‍ ഹമീദി (56)നെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് ഡി.ബി കോളേജിന് സമീപം രാവിലെ 6.45നാണ് സംഭവം.
വാഹനങ്ങളില്‍ ഓണക്കാല ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി വൈക്കം, കടുത്തുരുത്തി റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബെംഗലുരുവില്‍ നിന്നും പുനലൂരിലേക്ക് പോയ അന്തര്‍ സംസ്ഥാന ബസില്‍നിന്നും പണം കണ്ടെത്തിയത്. ഷാഹുല്‍ ഇരുന്ന പിന്‍സീറ്റിനടയില്‍ രണ്ട് ബാഗുകളില്‍ ഏഴു ബണ്ടിലുകളിലായാണ് പണം സൂഷിച്ചിരുന്നത്. പണം അടങ്ങിയ ബാഗും ഷാഹുലിനെയും കസ്റ്റഡിയില്‍ എടുത്ത ശേഷം ബസ് പോകാന്‍ അനുവദിച്ചു. തുടര്‍ന്ന് നടന്ന പരിശോധയനില്‍ ഇയാളുടെ പോക്കറ്റില്‍ നിന്നാണ് ബ്രിട്ടീഷ് കറന്‍സികള്‍ കണ്ടെത്തിയത്. ഷാഹുല്‍ പത്തനാപുരത്തിനാണ് ടിക്കറ്റ് എടുത്തത്. നാട്ടില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്നുവെന്നാണ് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്. പിടിയിലായ സമയത്ത് നിരവധി ഫോണ്‍ കോളുകളും വന്നിരുന്നു. ഷാഹുല്‍ കള്ളപ്പണ കടത്ത് ഏജന്റാണെന്നാണ് നിഗമനം.
നോട്ടെണ്ണല്‍ യന്ത്രം എത്തിച്ച് പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി ഷാഹുലിനെ അടക്കം തലയോലപ്പറമ്പ് പോലീസിന് കൈമാറിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ആര്‍ സ്വരൂപ്, വൈക്കം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എ പ്രമോദ്, കടുത്തുരുത്തി റെയ്ഞ്ച് ഇന്‍സ്‌പെകടര്‍ കെ.എസ് അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അറിയിച്ചു.

Exit mobile version