Site iconSite icon Janayugom Online

ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്ന് ബ്ലൂ അലർട്ട് ലെവലിൽ. ഇന്ന് രാവിലെ വരെ ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 78 മില്ലി മീറ്റർ മഴ ലഭിച്ചു. നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 2375.53 അടിയിലേക്ക് ഉയർന്നു.
ഇതോടെയാണ് റൂൾ കർവ് അനുസരിച്ചുള്ള ആദ്യ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം വർധിച്ചു. ഇന്ന് 17 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉല്പാദനം. നിലവിൽ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നുണ്ട്.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയുടെ 70 ശതമാനത്തിലേക്ക് അടുത്തു. 47.18 ദശലക്ഷം യൂണിറ്റാണ് നീരൊഴുക്ക്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2381.53 അടിയിലെത്തിയാൽ ഓറ‍ഞ്ച് അലർട്ടും 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. നിലവിൽ അതിശക്തമായ മഴ തുടർന്നാലേ ആശങ്കക്ക് അടിസ്ഥാനമുള്ളു.
മഴ കനത്തതോടെ മുല്ലപ്പരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.85 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോയി ശേഖരിക്കുന്ന വൈഗ അണക്കെട്ടിന്റെ ഷട്ടറുകൾ കഴിഞ്ഞദിവസം തുറന്നിരുന്നു. നിലവിൽ തേനി ജില്ലയിൽ മഴയില്ലെങ്കിലും അതിർത്തി മലനിരകളിൽ പെയ്ത മഴയെ തുടർന്ന് വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതാണ് ഷട്ടറുകൾ തുറക്കാൻ കാരണം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനിടെ വൈഗ അണക്കെട്ട് തുറന്നത് തമിഴ്നാടിന് കൂടുതൽ വെള്ളം കൊണ്ടുപോകാനാകും എന്നത് ഇടുക്കിയിൽ ആശ്വാസമാകും.

Eng­lish sum­ma­ry; Blue Alert at Iduk­ki Dam

You may also like this video;

Exit mobile version