Site iconSite icon Janayugom Online

കാഴ്ചക്കാരിൽ കൗതുകമുണർത്തി ബോട്ട് വീട്

ഒറ്റ നോട്ടത്തില്‍ കരയില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു ബോട്ട്. പെരുവ- പിറവം റോഡിലെ കൗതുകമുണര്‍ത്തുന്ന ബോട്ട് വീട് കണ്ടാല്‍ ആരും അങ്ങനെയേ കരുതൂ. പെരുവയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ മെയിന്‍ റോഡ് സൈഡില്‍ മുളക്കുളം വടക്കേക്കരയിലാണ് ഈ ബോട്ട് വീടുള്ളത്. ഒറ്റനോട്ടത്തില്‍ യാത്ര ചെയ്യുന്നതിനായി ജെട്ടിയില്‍ ബോട്ട് നിര്‍ത്തിയിട്ടിരിക്കുന്നതായേ ഈ വീട് കണ്ടാല്‍ തോന്നുകയുള്ളൂ. 44 വര്‍ഷം മുന്‍പ് 1976ലാണ് മുളക്കുളം സ്വദേശിയായ പൊലീസ് കോണ്‍സ്റ്റബിള്‍ പുത്തേത്ത് പി ആര്‍ നാരായണന്‍ നായര്‍ ഈ ബോട്ട് വീട് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ രീതിയിലെ കൗതുകം മൂലം അന്ന് മുതല്‍ തന്നെ ഈ വഴി യാത്ര ചെയ്തിരുന്ന എല്ലാ വാഹനങ്ങളും ബോട്ടു വീടിനു മുന്നില്‍ എത്തിയാല്‍ ഒന്നു നിര്‍ത്തി എത്തിനോക്കും. നാരായണന്‍ നായരുടെ ഭാര്യ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനി സുമതിയമ്മയുടെ വീട്ടിലേക്കുള്ള ബോട്ട് യാത്രയില്‍ മനസില്‍ കടന്നു കൂടിയ ഒരാഗ്രഹമായിരുന്നു ബോട്ട് വീട്. ഒരു വീട് പുതിയതായി പണിയുവാന്‍ തീരുമാനിച്ചപ്പോള്‍ പുതുമ വേണം എന്ന ഒരു തോന്നല്‍ മനസില്‍ കയറി കൂടി. എന്നാല്‍ ചിലവ് കുറഞ്ഞിരിക്കുകയും വേണം. കളിമണ്ണുകൊണ്ട് കലാരൂപങ്ങളും, വിഗ്രഹങ്ങളും നിര്‍മ്മിക്കുന്നതില്‍ അതീവ വിദഗ്ധനായിരുന്നു നാരായണന്‍ നായര്‍.

അധികം വൈകാതെ സ്വന്തമായി ഉണ്ടായിരുന്ന 7 സെന്റ് ഭൂമിയിലെ 2 സെന്റ് സ്ഥലത്തിനകത്ത് ബോട്ട് വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. അത്യാവശ്യ സൗകര്യങ്ങളോടെയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുന്‍വശത്ത് സന്ദര്‍ശക മുറി, തൊട്ടുപിന്നിലായി 2 ബെഡ്‌റൂമുകള്‍, ഓരോ മുറിയിലും രണ്ട് കട്ടില്‍ ഇടുവാനുള്ള സൗകര്യം എന്നിവയൊക്കെ ഈ ബോട്ട് വീടിലുണ്ട്. കിടപ്പു മുറിയുടെ പിറകിലായി അടുക്കള. അടുക്കളയുടെ പിന്നില്‍ ബാത്ത്‌റൂം. പുറത്ത് നിന്നു മൂന്നോ, നാലോ പേര്‍ വന്നാലും സുഖമായി ബോട്ട് വീട്ടില്‍ താമസിക്കാം. ശുദ്ധവായുവും, വെളിച്ചവും കയറി ഇറങ്ങുവാന്‍ ബോട്ടിന്റെ രണ്ട് വശത്തായി പതിനാറു പാളികളുള്ള എട്ട് ജനലുകള്‍. ഓരോ മുറിയിലും ബോട്ടിലെ ലെഗേജ് സൗകര്യം ഉള്ളത് പോലെ ഒരുക്കിയിട്ടുണ്ട്. മരപ്പണിയില്‍ അതിവിദഗ്ധനായ പള്ളിപ്പുറം പാച്ചു ആചാരിയാണ് ബോട്ട് ഹൗസ് നിര്‍മ്മിച്ചത്. പള്ളിപ്പുറം സ്വദേശി എന്‍ പി കുമാരന്‍ ആചാരി കല്‍പ്പണിക്ക് നേതൃത്വം നല്‍കി. ശാസ്ത്രീയമായ കണക്കിലാണ് പാച്ചു ആചാരി ബോട്ട് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അക്കാലത്ത് ബോട്ട് വീടിന്റെ നിര്‍മ്മാണ ചിലവ് 10,000രൂപ. തന്റെ പിതാവ് രാമന്‍ നായരുടെ ഓര്‍മ്മയ്ക്കായിട്ടാണ് നാരായണന്‍ നായര്‍ ബോട്ട് വീട് നിര്‍മ്മിച്ചത്.മക്കളുടെ കാലമെത്തിയിട്ടും ഈ ബോട്ട് വീട് പൊളിച്ചുപണിതിട്ടില്ല. നാരായണന്‍ നായരുടെ മകന്‍ റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ചാര്‍ജ്മാന്‍ രാജശേഖരന്‍ നായര്‍ ബോട്ട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുതിയ വീട് വെച്ചു താമസിക്കുന്നുണ്ട്. തന്റെ അമ്മ സുമതിയമ്മയുടെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍ വേണ്ടി പടിഞ്ഞാറോട്ട് യാത്രക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ബോട്ട് വീട് ‘സ്മൃതി ഭവന്‍ ’ എന്ന പേരില്‍ രാജശേഖരന്‍ നായര്‍ ഇന്നും സംരക്ഷിച്ചു പോരുന്നുണ്ട്.

Eng­lish Sum­ma­ry: Boat house catch­es attraction

You may like this video also

Exit mobile version