ബാലിയിൽ ഫെറി ബോട്ട് കടലിൽ മുങ്ങി രണ്ട് പേർ മരിച്ചു. 65 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 43 പേരെ കാണാതായി. കെഎംപി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്ക് പോകുകയായിരുന്നു ബോട്ട്. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിൽ അപകടം സംഭവിക്കുകയായിരുന്നു.
കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഉയർന്ന തിരമാലകൾ ഉണ്ടാകുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുകയാണ്. 9 ബോട്ടുകളിലായാണ് തെരച്ചിൽ നടത്തുന്നത്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി പറഞ്ഞു.

