തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൌണിലെ മാൻഹോളിൽ കണ്ടെത്തി. ഭിത്തിയടക്കം തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഒരാൾ തൊടുപുഴ സ്വദേശിയും മറ്റു രണ്ടുപേർ എറണാകുളം സ്വദേശികളുമാണ്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണിൽ കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ മൊഴി. വ്യാഴാഴ്ച മുതല്‍ ബിജുവിനെ കാണാനില്ലെന്ന് ഭാര്യ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. കേസിൽ ആകെ നാല് പ്രതികളാണുള്ളത്. ഇവരിൽ മൂന്ന് പേർ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റ് അടക്കം നടപടികളിലേക്ക് പൊലീസ് കടക്കും.