Site iconSite icon Janayugom Online

ട്രെയിന്‍ തട്ടി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കേരള എക്സ്പ്രസ് ട്രയിൻതട്ടി കഴിഞ്ഞ ദിവസം കാണാതായ തമിഴ്‌നാട് സ്വദേശി ലക്ഷ്മണന്റെ മൃതദേഹം കണ്ടെടുത്തു. സ്കൂബാ ഡൈവിങ് ടീം നടത്തിയ പരിശോധനയിൽ ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്.

റെയിൽവേ കരാർ തൊഴിലാളികളായി ജോലി ചെയ്യുന്ന നാല് ശുചീകരണ തൊഴിലാളികളിൽ മൂന്നു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. തമിഴ്‌നാട് സേലം വീയപുരം സ്വദേശികളായ ലക്ഷ്മണൻ, വള്ളി, വള്ളിയുടെ സഹോദരി റാണി എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 3.05നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഭാരതപ്പുഴയ്ക്ക് കുറുകെ ഷൊർണൂര്‍ കൊച്ചിൻ പാലത്തിൽ 10 കരാർ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ജോലികൾ ചെയ്തു വന്നത്. നൂറു മീറ്ററിധികം നീളമുളള പാലത്തിൽ ജോലി ചെയ്യുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട തൊഴിലാളികൾ പ്രാണരക്ഷാർത്ഥം പാലത്തിലൂടെ ഓടി യാഡിൽ കയറി. ഇതിൽ ആറു പേർ മാത്രമാണ് രക്ഷപ്പെട്ടത്. പിന്നാലെയെത്തിയ ട്രെയിൻ മറ്റ് നാലുപേരെയും ഇടിച്ചു വീഴ്ത്തി. 

ഇന്നലെ രാവിലെ പോസ്റ്റുമോർട്ടം നടത്തി മൂന്നു പേരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് അദ്ദേഹം കത്തയച്ചു.

Exit mobile version