കോഴിക്കോട് തിരയില്‍പ്പെട്ട് കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാള്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും തുടരുകയാണ്. കണ്ടെത്തിയ ആളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെയാണ് ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍(18), ആദില്‍ ഹസ്സന്‍ (16) എന്നിവരെ ബീച്ചില്‍ കാണാതായത്. ഫുട്ബോള്‍ കളിക്കാനായാണ് ഇവര്‍ ബീച്ചിലെത്തിയത്. കളിക്കുന്നതിനിടെ കുട്ടികളിലൊരാള്‍ കടലില്‍ പന്തെടുക്കാന്‍ പോയിരുന്നു. അടിയൊഴുക്കുള്ള സമയമായതിനാല്‍ ആദില്‍ കടലില്‍ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് പോയി. തുടര്‍ന്ന് രണ്ട് പേരും തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു
മൂന്ന് കുട്ടികള്‍ തിരയില്‍പ്പെട്ടിരുന്നുന്നെന്നും അതില്‍ ഒരാളെ മത്സ്യത്തൊഴിലാളികളും ബീച്ചിലുണ്ടായിരുന്നവരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഉള്‍ക്കടലില്‍ ശക്തമായ മഴയുള്ളതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് മത്സ്യത്തൊഴിലാളികളെ ഉദ്ധരിച്ച് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംഭവസ്ഥലത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എത്തിയിരുന്നു. സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും ആളുകളത് കാര്യമായെടുക്കുന്നില്ലെന്നും ആളുകള്‍ക്ക് കടലിലേക്കിറങ്ങാനാകാത്ത വിധം വേലി കെട്ടുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Sammury: Body of wanted student found on Kozhikode beach; The search for the second man continues