Site iconSite icon Janayugom Online

വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി; വ്യാജ സന്ദേശങ്ങളില്‍ വലഞ്ഞ് തലസ്ഥാനം

അന്താരാഷ്ട്ര വിമാനത്താവളത്തിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാവിലെ 10 മണിക്ക് എയര്‍പോര്‍ട്ട് മാനേജരുടെ ഇ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. 

വിമാനത്താവളത്തില്‍ ഉടന്‍ സ്ഫോടനം ഉണ്ടാകും എന്നായിരുന്നു സന്ദേശം. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. അതേസമയം ഭീഷണി വിമാനസര്‍വീസുകളെ ബാധിച്ചില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നും രണ്ട് മണിക്ക് പൊട്ടുമെന്നുമുള്ള ഇ മെയിൽ സന്ദേശം പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്കെത്തിയത്. ട്രാഫിക് കൺട്രോൾറൂം അധികൃതർ വിവരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. തുടർന്ന് ലോക്കൽ പൊലീസ്, ഇന്റലിജൻസ്, ബോംബ് സ്‌ക്വാഡ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി.
പുറപ്പെടാൻ തയ്യാറായിരുന്ന ചെന്നൈ മെയിൽ, ഇന്റർസിറ്റി എക്സ്‌പ്രസ്, വന്ദേഭാരത് എന്നീ ട്രെയിനുകളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി.
തുടര്‍ച്ചയായ വ്യാജ ബോംബ് ഭീഷണിയില്‍ വലയുകയാണ് തലസ്ഥാനം. കഴിഞ്ഞദിവസങ്ങളില്‍ ആഡംബര ഹോട്ടലുകള്‍ക്കും ജില്ലാകോടതിക്കും നേരെ സമാനമായ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. 

സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

Exit mobile version