Site iconSite icon Janayugom Online

അതിര്‍ത്തി യുദ്ധസമാനം; ഇന്ത്യന്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി പാകിസ്ഥാന്‍

ഇന്ത്യ‑പാക് അതിര്‍ത്തിയിലെ യുദ്ധസമാന അന്തരീക്ഷം തുടരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കുന്ന പാകിസ്ഥാന്‍ പട്രോളിങ് ശക്തമാക്കി. കറാച്ചി, റാവല്‍പിണ്ടി, ഇസ്ലാമാബാദ്. സ്കര്‍ദു എന്നിവിടങ്ങളിലാണ് പ്രധാനമായും പിഎഎഫ് കോംപാറ്റ് പട്രോളിങ് നടത്തുന്നത്. ജെഎഫ് 17 ഉം ജെ-10 സിഇ യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പങ്കെടുക്കുന്നു. സൈദു ഷരീഫ്, സ്കര്‍ദു എന്നിവിടങ്ങളിലെ പുതിയ എയര്‍ബേസുകളും പ്രവര്‍ത്തനക്ഷമമാക്കി. പിഎല്‍-10, പിഎല്‍-15 മിസൈലുകള്‍ ഘടിപ്പിച്ച ജെഎഫ്-17 സി ബ്ലോക്ക് 3 യുദ്ധവിമാനങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ട്. 

കറാച്ചിയില്‍ നിന്നും ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ വടക്കന്‍ വ്യോമത്താവളങ്ങളിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന സ്കര്‍ദുവിലെ ഖാദ്രി വ്യോമത്താവളം ലഡാക്കിനും സിയാച്ചിനും സമീപത്തായി സ്ഥിതിചെയ്യുന്നതിനാല്‍ പാകിസ്ഥാന് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാകും. അതിനിടെ നിയന്ത്രണ രേഖ കടന്ന ഇന്ത്യന്‍ ചാര ഡ്രോണ്‍ വെടിവച്ചിട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെയാണ് പുതിയ അവകാശ വാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്. കശ്മീരിലെ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയുടെ ചാര ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പ്രവേശിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പഹല്‍ഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തെളിവുകളൊന്നും കൈമാറിയിട്ടില്ലെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ‌്പിആർ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. 

Exit mobile version