Site icon Janayugom Online

പുത്തന്‍ ലാപ്‌ടോപ് കേടായി; ഓക്‌സിജനും ലെനോവോയും നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ലാപ്‌ടോപ് വാങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തകരാറിലായത് റിപ്പയര്‍ ചെയ്ത് നല്‍കുന്നതില്‍ നിര്‍മാതാവും ഡീലറും വീഴ്ച വരുത്തിയതിന് ഒരു ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളത്തെ ഓക്‌സിജന്‍ കമ്പ്യൂട്ടര്‍ ഷോപ്പ്, ലെനോവോ എന്നിവര്‍ക്കെതിരെ എറണാകുളം പറവൂര്‍ സ്വദേശി ടി കെ സെല്‍വന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. വിദ്യാഭ്യാസ ആവശ്യത്തിന് എസ്‌സിഎസ്ടി കോര്‍പ്പറേഷനില്‍ നിന്ന് ലോണ്‍ എടുത്താണ് പരാതിക്കാരന്‍ ലാപ്‌ടോപ്പും അനു ബന്ധ ഉപകരണങ്ങളും വാങ്ങിയത്. ലാപ്പ്‌ടോപ് തകരാറിലായതിനെ തുടര്‍ന്ന് പലതവണ എതിര്‍ കക്ഷികളെ സമീപിച്ചെങ്കിലും സേവനമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. ലാപ്‌ടോപിനു വാറന്റി നിലനില്‍ക്കുന്നതായും വാറന്റി കാലയളവിനുള്ളിലാണ് ഉപയോഗ ശൂന്യമായതെന്നും കോടതി നിയോഗിച്ച വിദഗ്ദന്‍ റിപ്പോര്‍ട്ട് നല്‍കി.

ആക്‌സിഡന്റല്‍ ഡാമേജ്, ഓണ്‍ സൈറ്റ് വാറന്‌റി എന്നിവയ്ക്കും പരാതിക്കാരനില്‍ നിന്നു കൂടുതലായി പണം ഈടാക്കിയിട്ടും സേവനത്തില്‍ എതിര്‍കക്ഷികള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് കണ്ടെത്തി. എതിര്‍ കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായത് അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ വീഴ്ചയും ആണെന്ന് ബോധ്യമായ കോടതി, ലാപ് ടോപ്പിന്റെ വിലയായ 51,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും മുപ്പത് ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍ കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി. പരാതിക്കാരനു വേണ്ടി അഡ്വ.കെ എസ് ഷെറിമോന്‍ ഹാജരായി.

Eng­lish Sum­ma­ry: Brand new lap­top bro­ken; Con­sumer court impos­es Rs 1 lakh com­pen­sa­tion on Oxy­gen and Lenovo

You may also like this video

Exit mobile version