Site iconSite icon Janayugom Online

മുന്നണി ധാരണാ ലംഘനം; ഡെപ്യൂട്ടി മേയറും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും രാജിവച്ചു

അവസാന വര്‍ഷം മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കണമെന്ന എല്‍ഡിഎഫ് ധാരണ ലംഘിച്ചതില്‍ പ്രതിഷേധിച്ച് കോര്‍പറേഷനിലെ സിപിഐയുടെ ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ സ്ഥാനങ്ങള്‍ രാജിവച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് സോമന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എസ് സവിതാ ദേവി എന്നിവരാണ് രാജിവച്ചത്. 

ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അനുകൂലമല്ലാത്ത സാഹചര്യത്തില്‍ നിലവിലുള്ള സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. ധാരണയനുസരിച്ച് മൂന്ന് മാസം മുമ്പ് മേയര്‍ സ്ഥാനം സിപിഐ(എം) ഒഴിയേണ്ടതായിരുന്നു. നിര്‍ദിഷ്ട തീയതി കഴിഞ്ഞിട്ടും ഒഴിയാത്ത സാഹചര്യത്തില്‍ സിപിഐ(എം) ജില്ലാ നേതൃത്വത്തിന് സിപിഐ ജില്ലാ നേതൃത്വം കത്ത് നല്‍കി. എന്നിട്ടും പ്രതികരണം ഉണ്ടാകാതെ വന്നപ്പോള്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി അഞ്ചിന് സ്ഥാനം ഒഴിയാമെന്ന് ധാരണയുണ്ടായി. ആ ധാരണയും ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഐ അംഗങ്ങള്‍ സ്ഥാനം രാജിവച്ചത്. ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനായി ഇന്ന് പാര്‍ട്ടിയുടെ അടിയന്തര ജില്ലാ എക്സിക്യൂട്ടീവ് വിളിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ അറിയിച്ചു.

Exit mobile version