എതിരാളികള്‍ കെട്ടിപ്പൊക്കിയ പെരുംനുണകളുടെ കോട്ടകള്‍ തകര്‍ത്ത ജനകീയ മുന്നേറ്റമായി നവകേരള സദസുകള്‍ക്ക് ഉജ്വല സമാപനം. പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങളെ അതിജീവിക്കാന്‍ ജനകീയ സര്‍ക്കാരിന്, ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രം മതിയാകുമെന്ന് വീണ്ടും തെളിഞ്ഞു. ജനങ്ങളോടൊപ്പം നിന്ന് മുന്നേറുന്ന സര്‍ക്കാരിനെതിരെ ബഹിഷ്കരണവും അക്രമസമരങ്ങളുമായി രംഗത്തെത്തിയവര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് കേരളമാകെ നവകേരള സദസിന് പിന്തുണയുമായി എത്തിയത്.
സംസ്ഥാനം കൈവരിച്ച വികസന നേട്ടങ്ങള്‍ വിശദീകരിക്കുകയും വികസനപാതയില്‍ നാം നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ വെളിപ്പെടുത്തുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസുകളിലൂടെ ലക്ഷ്യമിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കടന്നാക്രമണങ്ങള്‍ കാരണം കേരളത്തിനുണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ച് വിവിധ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിച്ചു.
കേരളത്തിനുവേണ്ടി ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യത്തിലും ബിജെപിയോടൊപ്പം നിന്ന് എതിര്‍ക്കുകയായിരുന്നു പ്രതിപക്ഷം ചെയ്തത്. നവകേരള സദസുകളുടെ വിജയം കേരളത്തെ തകര്‍ക്കാനുള്ള നീക്കം നടത്തുന്ന ബിജെപിക്കും അതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിനുമാണ് വലിയ തിരിച്ചടിയാകുന്നത്.
കഴിഞ്ഞ മാസം 18ന് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് തുടക്കം കുറിച്ച നവകേരള സദസുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും എത്തുകയും ജനങ്ങളോട് സംവദിക്കുകയും ചെയ്യാനുള്ള തീരുമാനം തന്നെ ഭരണനിര്‍വഹണത്തിലെ പുതിയ മാതൃകയായിരുന്നു. ജനങ്ങളുടെ പരാതികള്‍ സര്‍ക്കാരിലേക്ക് എത്തിക്കാനുള്ള സംവിധാനം കൂടി കാര്യക്ഷമമായി ഒരുക്കി. ഓരോ മണ്ഡലങ്ങളിലെ സദസുകളിലും നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടം സംസ്ഥാന സര്‍ക്കാരിന്റെ വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. നവകേരള സദസുകള്‍ പ്രഖ്യാപിച്ചപ്പോള്‍തന്നെ വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങളാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉയര്‍ത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനെതിരെയുള്ള വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ ദിവസങ്ങളോളമായിരുന്നു കൊണ്ടാടിയത്. എന്നാല്‍ സദസുകള്‍ക്ക് തുടക്കം കുറിച്ചതോടെ ഇതെല്ലാം പൂര്‍ണമായും തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. ഓരോ മണ്ഡലങ്ങളിലും പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവന്നതോടെ കോണ്‍ഗ്രസിനും ബിജെപിക്കും വിറളിപൂണ്ട നിലയായി. മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ ഏശുന്നില്ലെന്ന് വ്യക്തമായതോടെ അക്രമസമരങ്ങളിലേക്കായിരുന്നു കോണ്‍ഗ്രസും ബിജെപിയും നീങ്ങിയത്.
കരിങ്കൊടി പ്രതിഷേധത്തിന്റെ പേരില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് മുന്നില്‍ ചാടി അപകടമുണ്ടാക്കാനുള്ള ശ്രമങ്ങളായിരുന്നു ആദ്യം. പിന്നീട് അക്രമസമരങ്ങളിലേക്ക് യുഡിഎഫും ബിജെപിയും നീങ്ങി. തലസ്ഥാനത്തും മറ്റ് ജില്ലകളിലുമെല്ലാം പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് വാഹനങ്ങളുള്‍പ്പെടെ തകര്‍ക്കുകയും ചെയ്തു. പ്രതിപക്ഷനേതാവിന്റെയുള്‍പ്പെടെ പരസ്യമായ കലാപാഹ്വാനങ്ങള്‍ക്ക് പിന്നാലെയായിരുന്നു വ്യാപകമായ അക്രമങ്ങള്‍. കക്ഷി രാഷ്ട്രീയ ഭേദമന്യെ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട ജനങ്ങളാണ് നവകേരള സദസുകളില്‍ പങ്കുചേരാന്‍ സ്വയംസജ്ജരായി എത്തിയത്. യുഡിഎഫിന്റെയും ബിജെപിയുടെയും നിരവധി നേതാക്കളും ബഹിഷ്കരണം മറികടന്ന് വിവിധ കേന്ദ്രങ്ങളിലെത്തി സര്‍ക്കാരിന്റെ വികസന‑ക്ഷേമ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയും കേരളം കണ്ടു. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെയാണ് നവകേരള സദസിന് സമാപനമായത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവച്ച നവകേരള സദസിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
ജനം പറഞ്ഞു, ഞങ്ങള്‍ കൂടെയുണ്ടെന്ന്: മുഖ്യമന്ത്രി
‘നിങ്ങള്‍ ധൈര്യമായി മുന്നോട്ടുപോയ്ക്കോളു ഞങ്ങള്‍ കൂടെയുണ്ട്‘എന്നാണ് നവകേരള സദസില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ സര്‍ക്കാരിനു നല്‍കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ സമാപനദിവസം വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാപന ദിവസത്തില്‍ തിരുവനന്തപുരം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായിരുന്നു നവകേരള സദസുകള്‍ നടന്നത്. പ്രഭാതയോഗത്തിനുശേഷം കോവളം മണ്ഡലത്തിലായിരുന്നു ആദ്യ സദസ്. തുടര്‍ന്ന് നേമം, കഴക്കൂട്ടം മണ്ഡലം സദസുകള്‍ക്ക് ശേഷം തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെയാണ് നവകേരള സദസ് സമാപിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും സംസാരിച്ചു.
വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക് കോളജ് ഗ്രൗണ്ടില്‍ നടന്ന സമാപന സദസില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വി കെ പ്രശാന്ത് എംഎല്‍എ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, ആന്റണി രാജു, റോഷി അഗസ്റ്റിൻ എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരെ കൂടാതെ എംപിമാരായ ബിനോയ് വിശ്വം, എ എ റഹീം, എംഎല്‍എ മാരായ വി ജോയി, കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയർ പി കെ രാജു, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary;Breaking down the walls of lies; Popular Kerala
You may also like this video