രാജ്യത്തിന്റെ സാമൂഹിക ഘടനയെ മാറ്റാൻ സംഘപരിവാർ ആസൂത്രിത ശ്രമം നടത്തുന്നതായി സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും റവന്യൂമന്ത്രിയുമായ അഡ്വ. കെ രാജൻ. സിപിഐ വയനാട് ജില്ലാ സമ്മേളത്തിന് തുടക്കം കുറിച്ച് കല്‍പറ്റയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ രാജ്യത്ത് വിഭജനത്തിന്റെ രാഷ്ട്രീയം ഉയർത്തുകയാണ്. ഹിന്ദി-ഹിന്ദുസ്ഥാൻ എന്ന അപകടകരമായ മുദ്രാവാക്യം ഉയർത്തി ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത ഉയർത്തുന്നു. കേന്ദ്രമന്ത്രിസഭയെ പോലും വിശ്വാസത്തിലെടുക്കാതെയാണ് സംഘപരിവാർ രാജ്യത്തെ നിയന്ത്രിക്കുന്നത്. നോട്ട് നിരോധനം ഇതിന്റെ ഉദാഹരണമാണ്.
ഇത് രാജ്യത്തിന്റെ വളർച്ചാനിരക്ക് നൂറ്റാണ്ടുകൾ പിന്നിലാക്കി. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റൊഴിക്കുന്നു. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ബദൽ ഉയർത്തുന്ന സംസ്ഥാന സർക്കാറിനെ കേന്ദ്രം നിരന്തരം വേട്ടയാടുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ അഡ്വ. ജോസഫ് മാത്യു അധ്യക്ഷനായിരുന്നു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീർ, ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാൻലി സ്വാഗതവും, ടി മണി നന്ദിയും പറഞ്ഞു.
വൈകിട്ട് അഞ്ചുമണിയോടെ കല്‍പറ്റ കനറ ബാങ്ക് പരിസരത്ത് സംഗമിച്ച പതാക, ബാനര്‍, കൊടിമര ജാഥകള്‍ പൊതുസമ്മേളന വേദിയായ എല്‍ സോമന്‍ നായര്‍ നഗറില്‍ എത്തി. പതാക ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബുവും ബാനര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം എം വി ബാബുവും കൊടിമരം കിസാന്‍ സഭ ദേശീയ കമ്മിറ്റി അംഗം ഡോ. അമ്പി ചിറയിലും ഏറ്റുവാങ്ങി. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ജാഥകള്‍ സമ്മേളന നഗരിയില്‍ എത്തിയത്. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി പതാക ഉയര്‍ത്തി.
ഇന്ന് രാവിലെ 10ന് വി ജോര്‍ജ് നഗറില്‍ (കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യുട്ടീവ് അംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരി, കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ റവന്യൂമന്ത്രി കെ രാജന്‍, എന്‍ രാജന്‍, അഡ്വ. പി വസന്തം, പി പി സുനീര്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കും. മണ്ഡലം സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 250 പ്രതിനിധികള്‍ പങ്കെടുക്കും.
English Summary: Bright start to CPI Wayanad District Conference
You may also like this video