Site iconSite icon Janayugom Online

ബിഎസ്എഫ്: അതിര്‍ത്തിയുടെ കാവലാള്‍

നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമടക്കം അണിനിരത്തി പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍‍ നിന്ന് രാജ്യത്തെ സംരക്ഷിച്ച് നിര്‍ത്തിയത് വിവിധ സേനാവിഭാഗങ്ങളുടെ സംയുക്ത പ്രവര്‍ത്തനം.
സാധാരണ അതിര്‍ത്തി സംഘര്‍ഷമില്ലാത്ത സമയങ്ങളില്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ കരസേന കാവല്‍ നില്‍ക്കാറില്ല. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ദേശീയ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ആഭ്യന്തര മന്ത്രാലയന്യൂഡല്‍ഹിത്തിന് കീഴിലുള്ള വിവിധ സൈനിക വിഭാഗങ്ങള്‍ക്കാണ് അതിര്‍ത്തി സംരക്ഷണത്തിന്റെ ചുമതല. ഏഴ് രാജ്യങ്ങളെ സ്പര്‍ശിച്ച് 15,000 കിലോമീറ്ററുകളിലായാണ് ഇന്ത്യന്‍ കര അതിര്‍ത്തി വ്യാപിച്ചുകിടക്കുന്നത്. ഈ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്(ബിഎസ്എഫ്), ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ് എന്നിവരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സംരക്ഷണ കവചം.
സൈനിക സംഘര്‍ഷം രൂക്ഷമായിരിക്കെ പാക് അതിര്‍ത്തി മേഖലകളില്‍ സംരക്ഷണമൊരുക്കിയത് ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സാണ്. ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിലും നുഴഞ്ഞുകയറ്റം ചെറുക്കുന്നതിലും സ്തുത്യര്‍ഹമായ പങ്കാണ് കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തി സംരക്ഷണ സേന നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ കര, വ്യോമ, നാവികസേനകള്‍ പാകിസ്ഥാന്‍ അതിര്‍ത്തികടന്ന് നടത്തിയ ആക്രമണങ്ങള്‍ക്ക് വേണ്ട പിന്തുണ ലഭ്യമാക്കിയതും ബിഎസ്എഫായിരുന്നു. 

പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ കാക്കുന്നത് ബിഎസ്എഫാണ്. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമായാണ് പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നത്. അന്താരാഷ്ട്ര അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം, കള്ളക്കടത്ത്, തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെറുക്കേണ്ടതും ബിഎസ്എഫിന്റെ ഉത്തരവാദിത്തമാണ്. യുദ്ധകാലത്ത് ഈ അതിര്‍ത്തികളുടെ കാവല്‍ ഇന്ത്യന്‍ സൈന്യം ഏറ്റെടുക്കും. പിന്നീട് അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുക, ക്രമസമാധാന പരിപാലനം നിലനിര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ബിഎസ്എഫ് സൈന്യത്തിന് പിന്തുണ നല്‍കും. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലെ കാവല്‍ സേനകളുടെ കാര്യത്തില്‍ അഴിച്ചുപണി നടത്തിയിരുന്നു. 

പാകിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ബിഎസ്എഫ്, ചൈന അതിര്‍ത്തിയില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, നേപ്പാള്‍-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ എസ്എസ്ബി എന്നിങ്ങനെയാണ് സംരക്ഷണം നല്‍കിവരുന്നത്. അതേസമയം മ്യാന്മറിനോട് ചേര്‍ന്ന അതിര്‍ത്തികളില്‍ അസാം റൈഫിള്‍സിനാണ് സംരക്ഷണ ചുമതല. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതി അനുസരിച്ച് സേനകള്‍ക്ക് പരിശീലനവും നല്‍കാറുണ്ട്.

മറ്റ് അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിമാനത്താവളം, മെട്രോ, ആണവനിലയം, ബഹിരാകാശ കേന്ദ്രങ്ങള്‍, പ്രധാനമായ സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും സിഐഎസ്എഫിനുണ്ട്. 

Exit mobile version