ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് ഉടമ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. മുസ്തഫാബാദില്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് ദുരന്തനിവാരണസേനയും പൊലീസും തെരച്ചില്‍ നടത്തുകയാണ്. അപകടത്തില്‍ പരിക്കേറ്റവരുടെയും മരിച്ചവരുടെയും പേര് വിവരങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടു. കെട്ടിട ഉടമ തെഹ്സിനും (60) അപകടത്തില്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. മൂന്ന് പേര്‍ സ്ത്രീകളാണ്.
സംഭവത്തില്‍ നാല് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. 11 പേര്‍ക്ക് പരിക്കേറ്റു. ആറ് പേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പത്തോളം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വെള്ളിയാഴ്ച ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായതായും എന്നാല്‍ കെട്ടിടം തകര്‍ന്നു വീണതിന്റെ കാരണം വ്യക്തമായി പറയാറായിട്ടില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സന്ദീപ് ലാമ്പ അറിയിച്ചു.

