Site icon Janayugom Online

അപേക്ഷിച്ചാൽ ഉടൻ കെട്ടിടനിർമാണ പെർമിറ്റ്; 60 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് നികുതി ഒഴിവാക്കി

സംസ്ഥാനത്തെ നഗരങ്ങളിൽ ഏപ്രിൽ ഒന്ന് മുതൽ അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാകും. കോർപറേഷൻ, നഗരസഭാ പരിധിയിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക് ആണ് ഇത് ബാധകമാകുക. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വന്ന് കെട്ടിടം പരിശോധിച്ച ശേഷമായിരുന്നു പെർമിറ്റ് നൽകിയിരുന്നത്. ഇതാണ് ഒഴിവാക്കിയത്. പകരം കെട്ടിട ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഓൺലൈനിൽ സമർപ്പിച്ചാൽ മതി. അപേക്ഷിക്കുന്ന അന്നു തന്നെ സിസ്റ്റം ജനറേറ്റഡ് അനുമതി നൽകും.

ഇതുവഴി പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും അഴിമതിയും ഒഴിവാക്കാൻ കഴിയുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രിൽ ഒന്നു മുതല്‍ നഗരങ്ങളിൽ നടപ്പാക്കുന്ന ഈ സൗകര്യം അടുത്തഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതുവരെ ഓൺലൈൻ ആയി സ്വയം സത്യവാങ്മൂലം നൽകുന്നത് ഓപ്ഷണൽ ആയിരുന്നത് ഏപ്രിൽ മുതൽ നിർബന്ധമാക്കും. എന്നാൽ വസ്തുതകൾ മറച്ചുവെച്ചാണ് സത്യവാങ്മൂലം നൽകിയത് എന്ന് ബോധ്യപ്പെട്ടാൽ കെട്ടിട ഉടമയ്ക്കും ലൈസൻസിക്കും എതിരെ പിഴയും നടപടികളുണ്ടാവും. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് സംസ്ഥാനത്ത് കെട്ടിട നികുതി ഒഴിവാക്കി.

നേരത്തെ ബിപിഎൽ വിഭാഗങ്ങളുടെ 30 ചതുരശ്ര മീറ്റർ വരെയുള്ളവയ്ക്ക് മാത്രമായിരുന്നു ഇളവ്. ഫ്ലാറ്റുകള്‍ക്ക് ഈ ഇളവ് ബാധകമല്ല. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിനേ ഇളവ് ലഭിക്കൂ. ലൈഫ്, പുനർഗേഹം പദ്ധതികൾക്കു കീഴിലുള്ള ബഹുനില കെട്ടിടങ്ങൾക്കും ഇളവ് ലഭിക്കും. 9എച്ച് ഫോമിൽ ഓൺലൈനായാണ് ഇളവിന് അപേക്ഷിക്കേണ്ടത്. ഏപ്രിൽ ഒന്നു മുതൽ കെട്ടിട നികുതി അഞ്ചുശതമാനം വർധിപ്പിക്കുമ്പോൾ നികുതി ചോർച്ച തടയുന്നതിനും ഓരോ കെട്ടിടത്തിനും വരുത്തിയ മാറ്റങ്ങൾ കണ്ടെത്തുന്നതിനും വിപുലമായ പരിശോധനയ്ക്ക് ഉത്തരവിറങ്ങി. അനധികൃത നിർമാണം കണ്ടെത്തിയാൽ നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: build­ing per­mit fees will increase from april first
You may also like this video

Exit mobile version