Site iconSite icon Janayugom Online

ശ്രീലങ്കയില്‍ കത്തിപ്പടര്‍ന്ന് പ്രക്ഷോഭം

SrilankaSrilanka

അധികാരത്തില്‍ തുടരാനുള്ള പതിനെട്ടടവുകളും പരാജയപ്പെട്ടതോടെ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് മേല്‍ രാജി സമ്മര്‍ദ്ദമേറുന്നു. രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുകയാണ്. നിരവധിപേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കുനേരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വീടിനു മുന്നിൽ പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. രണ്ടായിരത്തിലധികം പേരാണ് പ്രതിഷേധം നടത്തിയത്. ആക്രമാസക്തമായ സമരങ്ങള്‍ തുടര്‍ന്നാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സൈനിക മേധാവി ജനറല്‍ കമല്‍ കരുണരത്നെ മുന്നറിയിപ്പ് നല്‍കി. അതിനിടെ മരുന്ന് തീര്‍ന്നതോടെ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയിലും അധികാരത്തില്‍ തുടരാനുള്ള രാജപക്സെ കുടുംബത്തിന്റെ ദുരാഗ്രഹത്തിന് തിരിച്ചടിയായി കൂടുതല്‍ എംപിമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. 41 എംപിമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാരിന് പാർലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി.

225 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. നിലവിൽ സർക്കാരിന് 109 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ അംഗങ്ങൾ ഉൾപ്പെടെയാണ് പിന്തുണ പിൻവലിച്ചത്. ഇതിനിടെ അധികാരമേറ്റ് 24 മണിക്കൂർ തികയും മുമ്പേ പുതിയ ധനമന്ത്രി അലി സബ്രി രാജിവെച്ചതും സർക്കാരിന് മേല്‍ കനത്ത ആഘാതമായി. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഓസ്ട്രേലിയ, നോര്‍വേ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗോതബയ രാജപക്സെയുടെ ക്ഷണം പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളിയിരുന്നു. അധികാരമാറ്റമല്ല, പുതിയ ഭരണ മാതൃകകളാണ് രാജ്യത്തിന് ആവശ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സ് ക്ഷണം തള്ളിയത്. കൂടാതെ തമിഴ് പീപ്പിൾസ് അലയൻസും ശ്രീലങ്ക മുസ്‍ലിം കോൺഗ്രസും ആവശ്യം നിരസിച്ചിരുന്നു.

Eng­lish Sum­ma­ry: Burn­ing agi­ta­tion in Sri Lanka

You may like this video also

Exit mobile version