ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിലൊന്നായ സര്‍പ്പശലഭത്തെ മഞ്ചേരിയില്‍ കണ്ടെത്തിയത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. മഞ്ചേരി വീമ്പൂര്‍ സ്വദേശി പി എന്‍ ഹാഷിമിന്റെ തോട്ടത്തിലാണ് അപൂര്‍വ്വ ശലഭത്തെ കണ്ടെത്തിയത്. വാല്‍മുതല്‍ തലവരെ 16 സെന്റിമീറ്ററും ചിറകില്‍ നിന്ന് ചിറകിലേക്ക് കാല്‍ മീറ്ററോളം വലിപ്പമുള്ള ശലഭത്തെ കാണാന്‍ ഏറെപ്പേര്‍ തോട്ടത്തിലെത്തി. ഏറെ നേരം അനങ്ങാതിരുന്ന ശലഭം പിന്നീടെപ്പഴോ ദേശാടന പ്രയാണം തുടരുകയായിരുന്നു. ചിറകുകളുടെ വിസ്താരത്താല്‍ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമെന്ന് കരുതപ്പെട്ടിരുന്നു.
എന്നാല്‍ സമീപകാലത്ത് നടന്ന പഠനങ്ങളില്‍ ന്യൂഗിനിയിലും വടക്കേ ആസ്‌ട്രേലിയയിലും കണ്ടു വരുന്ന ഹെര്‍ക്കുലീസ് നിശാശലഭം ഇതിനെക്കാള്‍ വലിയതെന്ന് കണ്ടെത്തിയിരുന്നു. അറ്റാക്കസ് ടാപ്രോബാനിസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ ശലഭ പ്രമുഖന്‍ അറ്റ്‌ലസ് മോത്ത് എന്നും അറിയപ്പെടുന്നു. ശ്രീലങ്കയിലാണ് ഇത്തരം ശലഭങ്ങള്‍ വ്യാപകമായി കണ്ടുവരുന്നത്. മുമ്പ് മഞ്ചേരി കാരാപ്പറമ്പ് ഷാബി നിവാസില്‍ കണ്ണിയന്‍ മുസ്തഫയുടെ വീട്ടുവളപ്പില്‍ ഈ അപൂര്‍വ്വ ശലഭം എത്തിയത് വാര്‍ത്തകളിലിടം നേടിയിരുന്നു.