Site iconSite icon Janayugom Online

30 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്

സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപറേഷൻ വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. 

വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ഫെബ്രുവരി ആറ് വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ഏഴിന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി 10. വോട്ടെണ്ണൽ 25ന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്.
വോട്ടെടുപ്പിനായി 80 പോളിങ് ബൂത്തുകൾ സജ്ജമാക്കും. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 28ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ആകെ 60,617 വോട്ടർമാരാണുള്ളത്. 28,530 പുരുഷന്മാരും 32,087 സ്ത്രീകളും. www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്. 

Exit mobile version