Site icon Janayugom Online

സി ചോയിക്കുട്ടി: അവഗണിക്കപ്പെട്ട മനുഷ്യരുടെ ജീവിതം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍

chooikkutty

1987 ലായിരുന്നു കോഴിക്കോട് നഗരത്തെ ഞെട്ടിച്ച, കുഞ്ഞീബിയുടെ മരണം സംഭവിക്കുന്നത്. ലോക്കപ്പിൽ തൂങ്ങി മരിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ ‘നിയമം ആരാച്ചാരാകുമ്പോൾ’ എന്ന ക്യാപ്ഷനിൽ പ്രസിദ്ധീകരിച്ച സി ചോയിക്കുട്ടിയുടെ ഫോട്ടോ മരണത്തിന്റെ നേർസാക്ഷ്യമായി. കാലുകൾ നിലത്തു കുത്തി കമ്പിയഴികളിൽ കൈതാങ്ങി നിൽക്കുന്ന ചിത്രം മരണത്തിലെ അസ്വാഭാവികത തുറന്നുകാട്ടി. മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ ഈ ചിത്രം മതിയായിരുന്നു. ഇതേ തുടർന്ന് കസ്റ്റഡി മരണത്തിനെതിരെ നഗരത്തിൽ പ്രതിഷേധങ്ങൾ അലയടിച്ചു. 

തെരുവുകളിൽ എല്ലാവരാലും അവഗണിക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ ജീവിതങ്ങളാണ് ചോയിക്കുട്ടിയുടെ ക്യാമറാക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നത്. ഭർത്താവ് തലാഖ് ചൊല്ലിയതിനെത്തുടർന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞീബി നഗരത്തിൽ പലപ്പോഴും ചൂഷണങ്ങൾക്ക് ഇരയായിരുന്നു. ഒരു ദിവസം ഇവരെ പൊലീസ് പിടികൂടി സ്റ്റേഷനിൽ അടച്ചു. പിറ്റേ ദിവസമാണ് ലോക്കപ്പിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസുകാരിൽ ചിലർ ഇവരെ ലൈംഗികമായി ആക്രമിച്ചതായും മരണപ്പെട്ടപ്പോൾ ആത്മഹത്യയാക്കി മാറ്റുകയായിരുന്നുവെന്നുമായിരുന്നു അന്നുയർന്ന ആരോപണം. ചോയിക്കുട്ടിയുടെ ഫോട്ടോ പുറത്തുവന്നതിനെത്തുടർന്ന് ടൗൺ എസ് ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. 

നാടുവിട്ട് പലയിടങ്ങളിലും കറങ്ങിയ കാലമുണ്ടായിരുന്നു ചോയിക്കുട്ടിക്ക്. തഞ്ചാവൂരിൽ കഴിയുമ്പോഴാണ് അദ്ദേഹത്തിന് ഫോട്ടോഗ്രഫിയിൽ താത്പര്യം തോന്നിത്തുടങ്ങിയത്. ഒരു സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കി കോഴിക്കോട്ട് തിരിച്ചെത്തിയ അദ്ദേഹം സംവിധായകനും ക്യാമറാമാനുമായ എ വിൻസന്റിനെ പരിചയപ്പെട്ടു. എ വിൻസന്റിന്റെ ചിത്ര സ്റ്റുഡിയോയിലായിരുന്നു ചോയിക്കുട്ടിയുടെ തുടക്കം. പല സ്റ്റുഡിയോകളിലും മാറിമാറി ജോലിയെടുക്കമ്പോഴും പുറം ലോകത്തെ കാഴ്ചകൾ അദ്ദേഹത്തെ മാടിവിളിച്ചുകൊണ്ടിരുന്നു. ആ ദൃശ്യങ്ങൾ പകർത്താനുള്ള മോഹമാണ് പ്രസ് ഫോട്ടോഗ്രാഫിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. കാലിക്കറ്റ് ടൈംസ്, കേരള കൗമുദി, കലാ കൗമുദി എന്നിവയ്ക്ക് വേണ്ടിയായിരുന്നു ആദ്യകാലങ്ങളിൽ ജോലി ചെയ്തത്. പിന്നീട് മാധ്യമം പത്രം തുടങ്ങിയതോടെ അവിടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി. 

കോഴിക്കോടിന്റെ തെരുവുകളുടെ ഓരോ മൂലയും അദ്ദേഹത്തിന് സുപരിചതമായിരുന്നു. ആരും കാണാതെ പോകുന്ന കാഴ്ചകൾ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞു. അനാഥമന്ദിരത്തിലെയും ഗോത്ര വർഗക്കാരുടെയുമെല്ലാം കുട്ടികളെ സൗജന്യമായി പടമെടുപ്പ് പഠിപ്പിച്ചു. ഫോട്ടോഗ്രാഫിയെക്കുറിച്ച് താൻ പഠിച്ചുകൊണ്ടിരിക്കുയാണെന്നായിരുന്നു അവസാന കാലത്തും അദ്ദേഹം പറഞ്ഞിരുന്നത്. താനൊരു ഫോട്ടോഗ്രാഫി വിദ്യാർത്ഥി മാത്രമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. കോഴിക്കോടിന്റെ ചരിത്രത്തിലെ അത്യപൂർവ്വങ്ങളായ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറാണ് സി ചോയിക്കുട്ടി. എന്നാൽ അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെയാണ് ചോയിക്കുട്ടി യാത്രയാകുന്നത്.

Eng­lish Sum­ma­ry: C Choikut­ty: Pho­tog­ra­ph­er who cap­tured the lives of neglect­ed people 

You may also like this video

Exit mobile version