ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കേരളത്തിലേക്ക് എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക്) ചുമതലപ്പെടുത്തുവാൻ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം
പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ മേഖലയിൽ ഹയർസെക്കന്‍ഡറി സ്കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകാൻ തീരുമാനമായി. 2023 ജനുവരി നാല് മുതൽ 2025 മെയ് 31 വരെ 68 സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് തുടരുന്നതിന് അനുമതി നൽകിയത്.
കാലാവധി ദീർഘിപ്പിച്ചു
കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മിഷന്റെ കാലാവധി 2023 ഏപ്രില്‍ 28 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് പി എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർപേഴ്സന്റെ പൂർണ അധിക ചുമതല നൽകും.
തസ്തിക സൃഷ്ടിച്ചു
കടവത്തൂർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എച്ച്എസ്എസ്‌ടി (അറബിക്) തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഭേദഗതി ബില്ലിന് അംഗീകാരം
2023ലെ കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) കരട് ഭേദഗതി ബിൽ അംഗീകരിച്ചു.
English Sammury: Cabinet decisions in kerala Govt