Site icon Janayugom Online

കേക്കുകൾ തരാതരം, പുതുമുഖം പുൽക്കൂട് കേക്ക്‌

cake

ക്രിസ്‍മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് വിപണിയിൽ തിരക്കേറി. പല പല വിഭവങ്ങൾ കൊണ്ടുള്ള കേക്കുകളാണ് ബേക്കറികളിൽ നിറഞ്ഞിട്ടുള്ളത്.
ആഘോഷങ്ങളിൽ ക്രിസ്മസ് സമ്മാനമായി സ്ഥാപനങ്ങളും വ്യക്തികളും കേക്കുകൾ കൈമാറുന്നതിനാൽ കേക്കിന് ആവശ്യക്കാരും ഏറെയാണ്. കോവിഡ് കാലയളവിന് ശേഷം കൂടുതൽ സജീവമായ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ബേക്കറി ഉടമകൾ കേക്ക് വിപണിയെ കാണുന്നത്. കിലോയ്ക്ക് 350 മുതൽ 2000 രൂപ വരെയുള്ള പ്ലം കേക്കുകളും പുതിയ രുചിഭേദങ്ങളും ലഭ്യമാണ്. വൈറ്റ് പ്ലം കേക്കിനും വിപണിയിൽ ആവശ്യക്കാരുണ്ട്. കൂടുതൽ ഡിമാൻഡ് ക്യാരറ്റ് കേക്കിന് തന്നെയാണ്.

ക്രിസ്മസ് വിപണിയിലും ആഘോഷങ്ങളിലും പലതരത്തിലും ആകൃതിയിലുമുള്ള കേക്കുകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമാവുകയാണ് കലൂർ പൊറ്റക്കുഴിയിലുള്ള കാലിക്കറ്റ് ചിപ്സ് ആന്റ് കൊച്ചിൻ സ്വീറ്റ്സ് എന്ന ബേക്കറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള കൂറ്റൻ പുൽക്കൂട് കേക്ക്. സാധാരണ ക്രിസ്മസിന്റെ ഭാഗമായി ഉണ്ടാക്കിയിട്ടുള്ള പച്ചപുൽത്തകിടിയും വൈക്കോൽ മേൽക്കൂരയും വിവിധ തരത്തിലുള്ള രൂപങ്ങളും കൂടിച്ചേർന്ന ഒരു പുൽക്കൂട് ആണെന്ന് മാത്രമേ കാണുന്നവർക്ക് തോന്നുകയുള്ളൂ. എന്നാൽ പൂർണമായും കേക്ക് മാത്രമാണ് പുൽക്കൂട് എന്നറിയുമ്പോൾ കാഴ്ചക്കാരിൽ കൗതുകമാണ് ഉണ്ടാവുക.

തലശേരി സ്വദേശിയായ സുരേന്ദ്രൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കൊച്ചിയിൽ ബേക്കറി ജോലിയുമായി കഴിയുകയാണ്. 20 കിലോ പഞ്ചസാരയും 10 കിലോ മൈദയും 150 മുട്ടയും അഞ്ചു കിലോ നെയ്യുമാണ് കേക്ക് നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ളത്. രൂപങ്ങളുണ്ടാക്കുവാനും നിറം കിട്ടുവാനും ഷുഗർ പേസ്റ്റും കോക്കനട്ട് വാട്ടറും സാധാരണ ഉപയോഗിക്കാറുള്ള വിഭവങ്ങളും മാത്രം ചേർത്താണ് ആകർഷകമായ പുൽക്കൂട് കേക്ക് ഇദ്ദേഹം നിർമ്മിച്ചിട്ടുള്ളത്. നാലടി നീളവും രണ്ടടി വീതിയുമാണ് കേക്കിന്റെ വലിപ്പം. മൂന്ന് ദിവസക്കാലം രാപകൽ സുരേന്ദ്രനും സഹായികളായ ദിലീപും സാജുവും ചേർന്നാണ് ആരെയും ആകർഷിക്കുന്ന ഈ കേക്ക് ഒരുക്കിയിട്ടുള്ളത്. 

Eng­lish Sum­ma­ry: Cakes Tarataram, Pudu­mugam Pulkudu Cake

You may also like this video

Exit mobile version