Site iconSite icon Janayugom Online

കണക്കുകള്‍ പിഴയ്ക്കുമോ സെമിയിലെത്താനാകുമോ

പാകിസ്ഥാനെ തോല്പിച്ച് വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ പ്രതീക്ഷകള്‍ ഇന്ത്യ നിലനിര്‍ത്തിയിരുന്നു. എങ്കിലും കണക്കുകള്‍ പിഴയ്ക്കുമോയെന്ന ആശങ്ക ബാക്കിയാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയാണ് തിരിച്ചടിയാകുമോയെന്ന് ഭയക്കുന്നത്. ജയത്തോടെ കരുത്തരായ അഞ്ച് ടീമുകളുടെ ഗ്രൂപ്പില്‍ ഓരോന്നുവീതം ജയവും തോല്‍വിയുമായി നാലാമതാണ് ഇന്ത്യ. ‑1.217 ആണ് നെറ്റ് റണ്‍റേറ്റ്. നേരത്തെ ന്യൂസിലന്‍ഡിനോട് തോറ്റതോടെ ‑2.90 ആയിരുന്നു നെറ്റ് റണ്‍റേറ്റ്. പാകിസ്ഥാനെതിരെ ജയിച്ചതോടെ ‑1.217ലേക്ക് നേരിയ തോതില്‍ മെച്ചപ്പെട്ടു. പാകിസ്ഥാനെതിരെ 11 ഓവറില്‍ ജയം നേടാനായിരുന്നെങ്കില്‍ +0.084 ആവുമായിരുന്നു. പാകിസ്ഥനെതിരെ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനെത്തിയ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഏഴ് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇതോടെയാണ് വിജയിച്ചിട്ടും ഇന്ത്യക്ക് റണ്‍റേറ്റില്‍ വലിയ മെച്ചമൊന്നുമുണ്ടാകാതിരുന്നത്. 

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ ഒരു പോയിന്റുമില്ലാത്ത ശ്രീലങ്ക അഞ്ചാമത്. പാകിസ്ഥാന്‍ മൂന്നാമത്. ഓരോ മത്സരം മാത്രം കളിച്ച ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 10 ടീമുകളെ രണ്ടായി തിരിച്ച് നടക്കുന്ന ലോകകപ്പില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക. നാളെ ശ്രീലങ്കയെയും അടുത്ത ഞായറാഴ്ച ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. ഈ മത്സരങ്ങളിലെല്ലാം ജയിക്കുക എന്നതാണ് ഇനി സെമിയിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി. ഇനിയുള്ള മത്സരങ്ങളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് ചിന്തിക്കാന്‍ പോലുമാകില്ല. അടുത്ത മത്സരത്തില്‍ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനായില്ലെങ്കില്‍, ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ മത്സരത്തെ ആശ്രയിക്കേണ്ടിവരും ഇന്ത്യയ്ക്ക്. 

ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്താല്‍ സെമിയിലേക്ക് പ്രവേശിക്കാം. പാകിസ്ഥാൻ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നുമാത്രമെ വിജയിക്കാനും പാടുള്ളു. പാകിസ്ഥാനും ഇന്ത്യയും അവശേഷിക്കുന്ന മത്സരങ്ങളെല്ലാം വിജയിക്കുകയും ന്യൂസിലൻഡ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്ക് ആറ് പോയിന്റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലാകും സെമി ഫൈനല്‍ യോഗ്യത നിർണയിക്കുക. ഇനി, ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ഓസ്ട്രേലിയയോട് തോല്‍ക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും ഹർമന്റേയും സംഘത്തിന്റേയും സാധ്യതകള്‍. ഈ മാസം 17, 18 തീയതികളില്‍ ദുബായിലും ഷാര്‍ജയിലുമായാണ് സെമിഫൈനല്‍ നടക്കുക. 

Exit mobile version