Site iconSite icon Janayugom Online

കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജക്കും സാധ്യത; തമിഴ്‌നാട് സ്വദേശിയായ അനിത ആനന്ദ് പരിഗണന പട്ടികയിൽ

ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും. അനിത അടക്കം അഞ്ച് നേതാക്കളുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് പറഞ്ഞു കേൾക്കുന്നത്. കനേഡിയൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വനിത കൂടിയാണ് തമിഴ്‌നാട് വംശജയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗതം, ആഭ്യന്തരം, വ്യാപാര വകുപ്പ് മന്ത്രിയാണ്. നേരത്തെ പ്രതിരോധ മന്ത്രിയായും ചുമതല വഹിച്ചിരുന്നു. 

2019ലാണ് അനിത രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ടൊറാന്റോയിലെ ഒക് വില്ലയിൽ നിന്നുള്ള എംപിയാണ്. പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യൂർമെന്റ് മന്ത്രിയായിരുന്നപ്പോൾ കൊവിഡ് വാക്‌സിൻ രാജ്യത്ത് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2021ലാണ് പ്രതിരോധ മന്ത്രിയായത്. യുക്രൈൻ‑റഷ്യ യുദ്ധത്തിൽ യുക്രൈന് കാനഡയുടെ പിന്തുണ ഉറപ്പാക്കി. കനേഡിയൻ ആംഡ് ഫോഴ്‌സിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചു. ഡിസംബറിൽ ഗതാഗത മന്ത്രിയായി. ക്വീൻസ് സർവകലാശാലയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിഎ, ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു നിയമബിരുദം, ഡൽഹൗസി സർവകലാശാലയിൽനിന്ന് നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽനിന്നു നിയമത്തിൽ മാസ്റ്റേഴ്സ് എന്നിവ നേടിയ അനിത, ടൊറന്റോയിലെ ഓക്‌വില്ലെയെ ആണ് പ്രതിനിധീകരിക്കുന്നത്.

Exit mobile version