Site iconSite icon Janayugom Online

തീരമേഖലയ്ക്ക് കരുതലും കൈത്താങ്ങും

തീരമേഖലയ്ക്ക് കരുതലും കൈത്താങ്ങുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട്. തൊഴിൽപരമായി കടലിനെ ആശ്രയിക്കുകയും കടലോരത്ത് ജീവിക്കുകയും ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികൾ. സാമൂഹിക സാമ്പത്തിക തൊഴിൽമേഖലകളിൽ ഏറ്റവുമധികം സംഭാവന നൽകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും സാമൂഹികോന്നമനത്തിനും സഹായകമാകുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്.

പുനരധിവാസ പദ്ധതിയായ ‘പുനർഗേഹം’ മുതൽ പ്രത്യേക പരിശീലനം നൽകി ആഴക്കടൽ മത്സ്യ ബന്ധനത്തിന് പ്രാപ്തരാക്കുന്നതുവരെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കി. രണ്ട് വര്‍ഷത്തിനിടെ മത്സ്യമേഖലക്കായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന പദ്ധതിയായിരുന്നു പുനര്‍ഗേഹം. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്നത് മത്സ്യത്തൊഴിലാളിമേഖലയിലെ വലിയൊരു സ്വപ്നമായിരുന്നു. കടലാക്രമണത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരേയും വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരേയും പുനരധിവസിപ്പിക്കാൻ 2450 കോടി രൂപയുടെ ‘പുനർഗേഹം’ പദ്ധതി നടപ്പാക്കി സര്‍ക്കാര്‍ അവരെ ചേര്‍ത്തു നിര്‍ത്തി. പദ്ധതി പ്രകാരം സുരക്ഷിതമേഖലയിലേക്കു മാറിതാമസിക്കുവാൻ സന്നദ്ധത അറിയിച്ചിട്ടുള്ള മുഴുവൻ പേരെയും മാറ്റിപാർപ്പിക്കുകയാണ് ലക്ഷ്യം.

കാരോട്, ബീമാ പള്ളി, കൊല്ലം ക്യുഎസ്എസ് കോളനി, പൊന്നാനി എന്നിവിടങ്ങളിലായി 390 കുടുംബങ്ങളെ ഭവന സമുച്ചയമൊരുക്കി ഇതിനകം പുനരധിവസിപ്പിച്ച് കഴിഞ്ഞു. മണ്ണുംപുറം, നിറമരുതൂർ, മുട്ടത്തറ, വെസ്റ്റ്ഹില്‍, കോയിപ്പാടി, പൊന്നാനി എന്നിവിടങ്ങളിൽ ഭവനസമുച്ചയ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. 2016 മുതൽ നാളിതു വരെ 12,558 പേർക്ക് വിവിധ പുനരധിവാസപദ്ധതികളിലും ഭവനനിർമ്മാണപദ്ധതികളിലും ഉൾപ്പെടുത്തി ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. ലൈഫ് പദ്ധതി മുഖേന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഭവനമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് മുന്തിയ പരിഗണനയാണ് ഫിഷറീസ് വകുപ്പ് നല്‍കുന്നത്. ഭൂമിയുള്ള ഭവനരഹിതരായ 5985 പേർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്തും 3650 ഗുണഭോക്താക്കൾക്ക് ഈ സർക്കാരിന്റെ കാലത്തും ഭവനനിർമ്മാണം പൂർത്തീകരിച്ചു. ഇതിനു പുറമെയാണ് തീരദേശ ജനതയ്ക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്.

40,000 പേര്‍ക്ക് സൗജന്യ ലൈഫ് ജാക്കറ്റ് 

ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കുന്നതിനും കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാസമയം എത്തിക്കുന്നതിനും മത്സ്യബന്ധനത്തിലേർപ്പെടുന്നവരുടെ വിവരശേഖരണം നടത്തുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി 40,000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് സൗജന്യമായി അനുവദിച്ചതിനു പുറമേ ലൈഫ് ബോയ്, ജിപിഎസ്, ഡാറ്റ്, വിഎംഎസ്, നാവിക്, സാറ്റ്‌ലൈറ്റ് ഫോൺ, ഹോളോഗ്രാഫിക് രജിസ്ട്രേഷൻ പ്ലേറ്റ് എന്നിവ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. മത്സ്യബന്ധന യാനങ്ങൾ കടലിൽ പോകുന്നതും, തിരികെ വരുന്നതും കൃത്യമായി രേഖപ്പെടുത്താൻ സാധിക്കുന്ന ‘സാഗര മൊബൈൽ ആപ്പ്’ സജ്ജമാക്കി.

കടൽ രക്ഷാപ്രവർത്തനം സുഗമവും കാര്യക്ഷമവുമാക്കുന്നതിനും കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള യാനങ്ങളെ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനും സ്റ്റേറ്റ് ലെവൽ കൺട്രോൾ റൂമുകളും മൂന്ന് മേഖലാ കൺട്രോൾ റൂമുകളും ആരംഭിച്ചു. ഫിഷറീസ് സ്റ്റേഷനുകൾ ഇല്ലാതിരുന്ന ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഫിഷറീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചതോടെ എല്ലാ തീരദേശജില്ലകളിലും ഫിഷറീസ് സ്റ്റേഷനുകൾ യാഥാര്‍ത്ഥ്യമാക്കുവാൻ കഴിഞ്ഞു. കടൽ രക്ഷാപ്രവർത്തനത്തിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ച് ആധുനിക സൗകര്യത്തോടുകൂടിയ മൂന്നു മറൈൻ ആംബുലൻസുകളും പ്രവർത്തിച്ചു വരുന്നു. എല്ലാ ജില്ലകളിലും കടൽ രക്ഷാപ്രവർത്തനത്തിൽ പരിശീലനം സിദ്ധിച്ച പ്രത്യേക സ്ക്വാഡിന്റെ സേവനവും ഉറപ്പാക്കി.

അപകട ഇൻഷുറൻസ് നാലിരട്ടിയാക്കി

അപകട ഇൻഷുറൻസ് ആനുകൂല്യം നാലിരട്ടിയായി വര്‍ധിപ്പിച്ചു. മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ട് മരിച്ചാൽ ഇൻഷുറൻസ് ആനുകൂല്യം 2016ൽ അഞ്ച് ലക്ഷം ആയിരുന്നത് 20 ലക്ഷം രൂപയാക്കി. മത്സ്യത്തൊഴിലാളി — അനുബന്ധ തൊഴിലാളി എന്ന വേർതിരിവ് ഇല്ലാതെയാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്ന­ത്. സുരക്ഷിതയാനങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്ലൈവുഡിന് പകരമായി കൂടുതൽ സുരക്ഷിതമായ എഫ്ആർപി യാനങ്ങൾ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കി. മത്സ്യഫെഡ് വഴി എഫ്ആർപി യാനങ്ങൾ സ്വന്തമാക്കുന്നതിന് വായ്പയും അനുവദിച്ചു. എല്ലാ പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തുകയും പ്രീമിയം തുകയുടെ 90 ശതമാനവും സർക്കാർ വഹിക്കുകയും ചെയ്തു. പദ്ധതി പ്രകാരം 2747 പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾ ഇൻഷുറൻസ് ചെയ്യപ്പെട്ടു.

വിദ്യാ തീരത്തില്‍ 73 എംബിബിഎസ് പ്രവേശനം

പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ എൻട്രൻസിന് പരിശീലനം നൽകിയതിന്റെ ഭാഗമായി തീരദേശത്തുനിന്നും 73 വിദ്യാർത്ഥികൾക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചു എന്നത് തീരദേശത്തെ വിദ്യാഭ്യാസമേഖലയിലെ ഇടപെടലിന് ഉത്തമോദാഹരണമാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനത്തിനായി വിദ്യാഭ്യാസാനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഇ — ഗ്രാന്റ്സ് പദ്ധതി നടപ്പിലാക്കുകയും ആനുകൂല്യങ്ങൾ ഡിബിടി മുഖാന്തിരം ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായി മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കിയുള്ള വിഭവ മാനേജ്മെന്റ് കൗൺസിലുകൾ ആരംഭിക്കാൻ കഴിഞ്ഞത് കേരളത്തിന്റെ ഏറ്റവും വലിയനേട്ടമാണ്. ത്രിതല സംവിധാനത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

കൺട്രോൾ റൂമുകള്‍

കടൽ രക്ഷാപ്രവർത്തനത്തിന് 24 മണിക്കൂര്‍ കേന്ദ്രീകൃത മാസ്റ്റർ കൺട്രോൾ റൂം പ്രവര്‍ത്തനമാരംഭിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാസമയം നല്കുക, വിവിധ ഏജൻസികളെ കോർത്തിണക്കി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ഫിഷറീസ് ഡയറക്ടറേറ്റ് തലത്തിൽ ഒരു മാസ്റ്റർ കൺട്രോൾ റൂമും വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് റീജിയണൽ കൺട്രോൾ റൂമുകളും പ്രവർത്തനക്ഷമമായി.

ഫിഷ് മാർട്ടുകളും ഫ്രാഞ്ചൈസി മാർട്ടുകളും

ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുന്നതിനായി മത്സ്യഫെഡ് മുഖേന ഫിഷ് മാർട്ടുകളും, സഹകരണ ബാങ്കുകളുടെ കീഴിൽ ഫ്രാഞ്ചൈസി മാർട്ടുകളും ആരംഭിച്ചു. 115 ഫിഷ് മാർട്ടുകളാണ് തുടങ്ങിയത്. എല്ലാ മണ്ഡലങ്ങളിലും ഒരു മാർട്ടെന്നതാണ് ലക്ഷ്യം.

സൗജന്യ ബസ് സർവീസ് ‘സമുദ്ര’

വനിതാ വിപണന തൊഴിലാളികൾക്കായി കെഎസ്ആർടിസിയുമായി ചേര്‍ന്ന് സൗജന്യ ബസ് സർവീസ് ‘സമുദ്ര’ ആരംഭിച്ചു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 14 സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കി. മത്സ്യത്തൊഴിലാളി — അനുബന്ധത്തൊഴിലാളി അംഗത്വത്തിനായുള്ള അപേക്ഷയും ഓൺലൈനിൽ ലഭ്യമാക്കി.

 

Eng­lish Sam­mury: 2nd LDF Gov­ern­ment 2nd Anniver­sary, Care and sup­port for the coastal zone 

Exit mobile version