Site icon Janayugom Online

കുമരകത്ത് കരിമീന്‍ ചാകര: വ്യാജനും വ്യാപകം

carp

കുമരകം മേഖലയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ മനം നിറച്ച് കരിമീന്‍ ചാകര. വേമ്പനാട്ട് കായലില്‍ വലയെറിയുന്നവര്‍ക്ക് ദിവസേന ശരാശരി 150 കിലോ കരിമീനാണ് നേരത്തെ ലഭിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 500 കിലോവരെ ലഭിച്ചിട്ടുണ്ട്. കരിമീന്‍ സുലഭമായതോടെ തീന്‍മേശകളിലും കരിമീന്‍ മേളമാണ്.
ബി ഗ്രേഡ് കരിമീനിന് കിലോയ്ക്ക് 300 രൂപയാണ് വില. എ ഗ്രേഡിന് 420ഉം എ പ്ലസിന് 490 രൂപയുമാണ് വില. മുമ്പ് ബി ഗ്രേഡിന് 420 മുതൽ 450 രൂപ വരെയെത്തിയിരുന്നു വില. കൂടുതൽ വിൽക്കുന്നതും ലഭിക്കുന്നതും ബി ഗ്രേഡ് കരിമീനാണ്. 100 ‑150 ഗ്രാം തൂക്കം വരുന്നതാണ് ബി ഗ്രേഡ്. 150 ഗ്രാമിന് മുകളിൽ തൂക്കം വരുന്നത് എ ഗ്രേഡിൽപ്പെടും. ഒരെണ്ണം ഒരു കിലോയ്ക്ക് അടുത്തു വരുന്നത് എ പ്ലസ് ഗ്രേഡിലുൾപ്പെടും.
എല്ലാ ഗ്രേഡിലുമുള്ള കരിമീൻ ഇപ്പോൾ കായലിൽ നിന്നു ലഭ്യമാണെന്ന് തൊഴിലാളികൾ പറയുന്നു. ചീപ്പുങ്കൽ, പള്ളിച്ചിറ, കുമരകം എന്നിവിടങ്ങളിലാണ് മത്സ്യതൊഴിലാളി സഹകരണസംഘം ഔട്ട്‌ലെറ്റ് ഉള്ളത്. രുചിയിലും ഗുണത്തിലും വേമ്പനാട്ട് കായലിലെ കരിമീനാണ് കേമന്‍. കൂരി, പുല്ലൻ പോലുള്ള മീനുകളും വ്യാപകമായി ലഭിക്കുന്നുണ്ട്. റിസോർട്ടുകൾ, ഹൗസ്ബോട്ടുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി കരിമീൻ കൊണ്ടുപോകുന്നത്. അന്യജില്ലകളിൽ നിന്ന് പോലും ആളുകൾ കൂട്ടമായെത്തി കരിമീൻ വാങ്ങുന്നുണ്ട്. എന്നാൽ കുമരകത്തേതെന്ന പേരിൽ ആന്ധ്ര കരിമീൻ കുമരകത്തു പോലും വ്യാപകമായി വിൽക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Carp Chakara in Kumarakat: Fake and widespread

You may also like this video

Exit mobile version