മാധ്യമപ്രവർത്തകർ വഴിതടഞ്ഞെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസ്. മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. കേന്ദ്രമന്ത്രിയുടെ വഴി തടഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.
ബി എൻ എസ് ആക്ട് പ്രകാരം തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. തൃശ്ശൂർ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഈസ്റ്റ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണർ നിർദേശം നൽകിയതിനു പിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപി പരാതി നൽകിയത്. രാമനിലയം ഗസ്റ്റ് ഹൗസിൽവെച്ച് മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി തള്ളിമാറ്റിയ സംഭവത്തിൽ മുൻ എംഎൽഎ അനിൽ അക്കര പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എസിപിക്ക് കമ്മിഷണർ നിർദേശം നൽകിയിരുന്നത്.