രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണക്കേസിൽ അന്വേഷണസംഘം പരാതിക്കാരുടെ മൊഴിയെടുക്കാൻ ആരംഭിച്ചു. അഡ്.ഷിൻറോയുടെ മൊഴിയാണ് ആദ്യമായി എടുത്തത്. യുവതികൾ ഇതുവരെ രാഹുലിനെതിരെ നേരിട്ട് പരാതി നൽകിയിട്ടില്ല. വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ വിവിധ സ്റ്റേഷനുകളിൽ എത്തിയ കേസുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
വിവിധ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആറ് പരാതികളാണ് മാങ്കൂട്ടത്തിലിനെതിരെ വന്നിരിക്കുന്നത്. ശബ്ദരേഖകളുടെ ആധികാരിത പരിശോധിച്ച് അവരുടെ മൊഴിയെടുക്കാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. രാഹുലിൻറെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് സ്റ്റേഡിയം സ്റ്റാൻറ് പരിസരത്ത് ആത്മാഭിമാന സദസ് എന്ന പേരിലാണ് പരിപാടി നടത്തുന്നത്.

