ബദിയഡുക്ക നീർച്ചാലിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ഒമ്പത് വർഷം കഠിന തടവും അറുപതിനായിരം രൂപ വീതം പിഴയും വിധിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി രവിതേജ (31), കെ പ്രദീപ് രാജ് എന്ന കുട്ട (31) എന്നിവരെയാണ് ശിക്ഷിച്ചത്. ജഡ്ജ് കെ പ്രിയയാണ് വിധി പ്രസ്താവിച്ചത്.
പിഴ അടച്ചില്ലെങ്കിൽ പ്രതികൾ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. സിപിഐ ബാഞ്ചത്തടുക്ക ബ്രാഞ്ച് സെക്രട്ടറിയായ സീതാരാമനെ 2016 സെപ്റ്റംബർ അഞ്ചിന് രാത്രി ഏഴര മണിയോടെ തടഞ്ഞു നിർത്തി കല്ല്, കത്തി, വാൾ എന്നിവ ഉപയോഗിച്ച് വയറ്റിലും നെഞ്ചിലും കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ വിദ്യാനഗർ ഇൻസ്പെക്ടറും ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ് പിയുമായ ബാബു പെരിങ്ങേത്താണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി. സീതാരാമ കഴിഞ്ഞവര്‍ഷം പുഴയില്‍ ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. പശുവിന് ശേഖരിക്കാന്‍ പോയപ്പോള്‍ കാല്‍തെന്നി വീണ് ഒഴുക്കില്‍പെടുകയായിരുന്നു