രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പൊലീസ് സ്റ്റേഷനുകളിലെത്തുന്ന കേസുകളില്‍ കോടതിയിലെത്തുന്നത് വെറും അഞ്ച് ശതമാനം മാത്രമെന്ന് പഠന റിപ്പോര്‍ട്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സിലെ (എല്‍എസ്ഇ) അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍വികര്‍ ജസ്സാല്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
സ്ത്രീ പരാതിക്കാരിയാകുന്ന എഫ്ഐആറുകളില്‍ പൊലീസില്‍ നിന്നും ബാഹ്യമായും നിരവധി സമ്മര്‍ദങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും പരാതികള്‍ പിന്‍വലിക്കാന്‍ സാധ്യതകളേറെയുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഹരിയാനയിലെ നാല് ലക്ഷത്തിലധികം എഫ്ഐആറുകളുമായി ബന്ധപ്പെട്ടായിരുന്നു പഠനം. സ്ത്രീ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി പരാതി നല്‍കുന്ന പുരുഷ പരാതിക്കാര്‍ക്ക്, നേരിട്ടുപരാതി നല്‍കുന്ന സ്ത്രീകളെക്കാള്‍ പ്രശ്‌നങ്ങള്‍ കുറവാണെന്നും പഠനം കണ്ടെത്തി.
പഠനവിധേയമാക്കിയതില്‍ ഒമ്പത് ശതമാനം (37,637) പരാതികള്‍ നല്‍കിയത് സ്ത്രീകളാണ്. എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നത് മുതല്‍ കോടതി വിധി വരെ നീതി തേടിയുള്ള പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സ്ത്രീകള്‍ അവകാശനിഷേധവും വിവേചനവും നേരിടുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. സ്ത്രീകള്‍ നല്‍കിയ കേസുകളില്‍ അഞ്ച് ശതമാനം മാത്രം കോടതിയിലെത്തുമ്പോള്‍ പുരുഷന്മാര്‍ പരാതിക്കാരായ കേസുകളില്‍ 17.9 ശതമാനം കോടതിയിലെത്തുന്നുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം എടുക്കുന്നതായും പഠനം കണ്ടെത്തി.
തങ്ങള്‍ക്കെതിരായ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നു. പൊതുവില്‍ എല്ലാ പരാതിക്കാര്‍ക്കും ഈ കാത്തിരിപ്പ് സമയം ശരാശരി ഏഴ് മണിക്കൂറാണെങ്കില്‍, സ്ത്രീകള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് ശരാശരി ഒമ്പത് മണിക്കൂറാണെന്ന് പഠനം വിശദമാക്കുന്നു.
English Summary: Cases of violence against women: Five percent reach court
You may also like this video