Site iconSite icon Janayugom Online

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം; കഴകം ജോലിയിൽ പ്രവേശിച്ച യുവാവിനെ ഓഫീസിലേക്ക് മാറ്റി

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് ആക്ഷേപം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം ജോലിക്കായി നിയമിച്ച തിരുവനന്തപുരം ആര്യനാട് സ്വദേശിയായ യുവാവിനെ ഓഫിസ് ജോലികളിലേക്ക് മാറ്റി. തന്ത്രിമാരുടെയും വാര്യസമാജത്തിന്റെയും എതിർപ്പിനെ തുടർന്നാണ് തീരുമാനം.
പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തിൽ നിന്നുള്ള ഒരാളെ കഴകം, മാല കെട്ട് ജോലിയിൽ പ്രവേശിപ്പിച്ചതിന് എതിരെ തന്ത്രിമാരും വാരിയർ സമാജവും രംഗത്ത് വന്നിരുന്നു. ഫെബ്രുവരി 24 നാണ് ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ ബാലു കഴകം തസ്തികകയിൽ ജോലിയിൽ പ്രവേശിച്ചത്. തീരുമാനത്തിന് എതിരെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്ത് നൽകിയിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ നിയമനമാണെന്ന നിലപാട് ദേവസ്വം സ്വീകരിച്ചുവെങ്കിലും തന്ത്രിമാർ ശുദ്ധി ചടങ്ങുകളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നുവെന്നാണ് സൂചന.
അടുത്ത ദിവസം നടക്കുന്ന പ്രതിഷ്ഠാദിനാഘോഷങ്ങളെ തന്ത്രിമാരുടെ നിലപാട് ബാധിക്കുമെന്ന് വ്യക്തമായപ്പോൾ ബാലുവിനെ ഒത്തുതീർപ്പിന്റെ ഭാഗമായി ഓഫിസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതരും തന്ത്രിമാരും യോഗം ചേർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള കേസിന്റെ വിധി വരുന്നത് വരെ കഴകം ജോലിയിൽ നിന്നും ബാലുവിനെ മാറ്റാനാണ് തീരുമാനമെന്ന് സൂചനയുണ്ട്. എന്നാൽ ജോലി ക്രമീകരണങ്ങളുടെ ഭാഗമായി വരുത്തിയ മാറ്റം മാത്രമാണെന്നാണ് ദേവസ്വം ഔദ്യോഗികമായി വിശദീകരിക്കുന്നത്.

Exit mobile version