Site iconSite icon Janayugom Online

കൈ കഴുകിച്ചല്ലേ ഊട്ടേണ്ടത്?

കുഞ്ഞുങ്ങളെയും ആരോഗ്യം നശിച്ചുപോയ വന്ദ്യവയോധികരെയും ഭിന്നശേഷിക്കാരെയും ഊട്ടേണ്ടി വരുമ്പോൾ കൈയല്ലേ ശുദ്ധമാക്കേണ്ടത്? കാൽ കഴുകിച്ചാണോ ഊട്ടേണ്ടത്? അവിടെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ലജ്ജാകരമായ ഒരാചാരം പുറത്തുവരുന്നത്. കൊച്ചീരാജാവിന്റെ സ്വന്തം ദൈവമായിരുന്ന തൃപ്പൂണിത്തുറ പൂർണ ത്രയീശ ക്ഷേത്രത്തിലാണ് കാൽ കഴുകിച്ചൂട്ട് നടക്കുന്നത്. അധികാരക്കൈമാറ്റത്തിന്റെയും മറ്റും കാര്യത്തിൽ താരതമ്യേന മെച്ചപ്പെട്ട ഭരണാധികാരിയായിരുന്നു കൊച്ചിയിലെ രാജാവ്. ശക്തൻ തമ്പുരാനൊക്കെ അന്ധവിശ്വാസത്തിനെതിരെ വാളോങ്ങിയവരും ആയിരുന്നു.

ബ്രാഹ്മണരുടെ കാലിൽ മണ്ണുപുരട്ടി കഴുകിച്ച് ഊട്ടിയിട്ട് എച്ചിലെടുത്ത് അശുദ്ധ സ്ഥാനത്ത് തളിച്ചാൽ ശുദ്ധീകരിക്കപ്പെടുമെന്നുള്ളത് വളരെ പ്രാകൃതമായ ഒരു അന്ധവിശ്വാസമാണ്. ഈ അന്ധവിശ്വാസത്തെ, ന്യായീകരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളും നിലവിലുണ്ട്. തന്ത്രസമുച്ചയം, കുഴിക്കാട്ട് പച്ച, പ്രയോഗ മഞ്ജരി തുടങ്ങിയവയാണ് മനുഷ്യനിൽ ജാതിബോധവും അന്ധവിശ്വാസവും അനാചാരവും അടിച്ചേൽപ്പിക്കുന്ന ഗ്രന്ഥങ്ങൾ. ഈ പുസ്തകങ്ങളുടെ മാസ്റ്റർബ്രെയിനാണ് അംബേദ്കർ കത്തിച്ച മനുസ്മൃതി. കർണാടകത്തിലെ എച്ചിൽക്കുളിയും ഇക്കാര്യത്തിൽ മാതൃകയാണ്. പാപപരിഹാരം നിർദേശിക്കുന്ന അപ്പാത്തിക്കരിയാണ് ജ്യോത്സ്യൻ. അദ്ദേഹം കടൽകക്കകൾ നിരത്തി കണ്ടുപിടിച്ചു നിർദേശിക്കുന്നതാണ് കാൽകഴുകിച്ചൂട്ട് എന്ന പ്രാകൃത നടപടി. കൊച്ചി ദേവസ്വം ബോർഡ് ഇതൊരു വരുമാനമാർഗമായിത്തന്നെ കണ്ടു. കാൽകഴുകിച്ചൂട്ട് എന്ന വഴിപാടു നടത്താൻ ഇരുപതിനായിരം രൂപയാണ് ഫീസ് ഈടാക്കുന്നത്. കൊടുങ്ങല്ലൂരെ എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ഇരിങ്ങാലക്കുട ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലുമൊക്കെ ഈ ദുരാചാരം നടക്കുന്നുണ്ട്.

 


ഇതുകൂടി വായിക്കാം; വര്‍ഗീയ ആയുധമാക്കുന്ന വസ്ത്രധാരണം


ബ്രാഹ്മണരുടെ കാൽകഴുകിച്ച് ഊട്ടി പാപത്തിൽ നിന്നും രക്ഷപ്പെടാനായി ഇരുപതിനായിരം രൂപയും പിടിച്ച് നിൽക്കുന്ന സാക്ഷരമലയാളിയെ ഓർത്തു ചിരിക്കണോ കരയണോ എന്നറിയില്ല. അതിനെക്കാൾ ഗംഭീരമായൊരു കാഴ്ച, രാജാവിന്റെ കാലത്ത് ഊണുനൂലിൽ വിരലുരുമ്മി ഊട്ടുപുരയ്ക്ക് മുന്നിൽ നിന്ന ശിഖക്കാരെ ഓർമ്മിപ്പിക്കുന്ന പുതുബ്രാഹ്മണരാണ്. കുഞ്ചൻ നമ്പ്യാരൊക്കെ പരിഹസിച്ചു നന്നാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരു കേസാണത്. അവരിപ്പോഴും നൂലുപുറത്തുകാട്ടി, ബ്രാഹ്മണണെന്നു തെളിയിക്കാൻ എസ്എസ്എൽസി ബുക്കിലെ മൂന്നാം പേജിന്റെ അറ്റസ്റ്റഡ് കോപ്പിയുമായി ക്യൂ നിൽക്കുന്നത് ഭാവനയിൽ കണ്ടു രസിക്കാവുന്നതാണ്.
പോളിങ് ബൂത്ത് മുതൽ പെൻഷൻ ട്രഷറി വരെ അംഗീകരിക്കുന്ന ഐഡി കാര്‍ഡ്, ആധാർ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഇവയിലൊന്നും ജാതിയും മതവും ഇല്ലാത്തതിനാൽ എസ്എസ്എൽസി ബുക്കാണ് രക്ഷാപുസ്തകം. ദൈവത്തിനോ അദ്ദേഹത്തിന്റെ പ്രതിപുരുഷൻമാർക്കോ തെളിവില്ലാതെ ബ്രാഹ്മണനെ തിരിച്ചറിയാനും കഴിയില്ല. വാസ്തവത്തിൽ പുരാണകാലംതൊട്ടേ ബ്രാഹ്മണർക്ക് ദാരിദ്ര്യമുണ്ട്. കുചേലനാണ് ശരിയായ ഉദാഹരണം. സന്താനനിയന്ത്രണ സാമഗ്രികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത്, ആ ഇല്ലത്ത് കുട്ടികളുടെ പ്രളയമായിരുന്നു. ഇരുപത്താറു മക്കളുമായി കുചേലബ്രാഹ്മണൻ ഭിക്ഷാടനത്തിനിറങ്ങും. കിട്ടുന്ന നെല്ലോ ഉമിയോ കുലസ്ത്രീയെ ഏൽപ്പിക്കും. അവരത് അവലോ, നീണ്ടിട്ടിരിക്കും നയനങ്ങൾക്ക് ഉപമാനമായിരിക്കുന്ന കഞ്ഞിയോ ഒക്കെയാക്കി ഭർത്താവിനും മക്കൾക്കും കൊടുക്കും.

ഈ കുചേലന്റെ കാര്യത്തിലാണ് ഒരിക്കൽ ഇ വി രാമസ്വാമി ഇടപെട്ടത്. അദ്ദേഹം ചോദിച്ചത്, മൂത്തമകന് ഇരുപത്താറു വയസില്ലേ, എന്തെങ്കിലും പണിയെടുത്ത് ആ കുടുംബം പുലർത്തിക്കൂടെ എന്നാണ്. അന്ന് തൊഴിലുറപ്പു പദ്ധതിക്കു പോകാൻ പോലും കുചേലപത്നിക്ക് സാധിക്കില്ലായിരുന്നു. പൂജാകർമ്മവും ഭിക്ഷാടനവും അല്ലാതെ മറ്റൊന്നും ചെയ്യാൻ ബ്രാഹ്മണനെ മനുസ്മൃതി അനുവദിച്ചിരുന്നില്ല. സൗജന്യ ഭക്ഷണത്തിന്റെ കൂപ്പൺ പാവം ബ്രാഹ്മണനു ലഭിച്ചത് അങ്ങനെയാണ്. ബ്രാഹ്മണനു ഊണും കുളിയും മാത്രമേയുള്ളോ? വഴിപാടു കൂലിയായ ഇരുപതിനായിരത്തിൽ ഇരുപതു രൂപയെങ്കിലും അവർക്ക് കൊടുത്തിരുന്നോ? ബ്രാഹ്മണരെ ദൈവത്തിന് മുകളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമാണ് ഈ ആചാരമെന്ന് തന്ത്ര ഗവേഷകനായ ഡോ. ടി എസ് ശ്യാം കുമാർ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. ബ്രാഹ്മണർക്ക് ഔന്നത്യത്തിന്റെ ആഹാരം കൂടി ആസ്വദിക്കാമല്ലോ.

ദൈവം ഒരു ഭൗതികയാഥാർത്ഥ്യം അല്ലെന്ന് ആചാരം ഉണ്ടാക്കുന്നവർക്ക് നന്നായി അറിയാം. വാനോളം ഉയർത്തിയാലും അച്ചുതണ്ടോളം താഴ്ത്തിയാലും ഒരു പ്രതികരണവും അവിടെനിന്നുണ്ടാവുകയില്ല. എന്തായാലും ബഹുമാനപ്പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബഹു. ദേവസ്വം വകുപ്പുമന്ത്രി ഇടപെട്ടു. ഈ ദുരാചാരം വേണ്ടെന്നു വച്ചതായാണ് പുതിയ വാർത്ത. അത്രയും നല്ലത്. സംവരണ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ്, ദേവസ്വം വകുപ്പ് കൈകാര്യം ചെയ്താൽ ദുരാചാരങ്ങൾ ഒഴിവാക്കപ്പെടും.
ബ്രാഹ്മണരെ കൽകഴുകിച്ച് ഊട്ടുന്നതിനു പകരം ‘സമാരാധന’ ഏർപ്പെടുത്തുന്നതായി വാർത്തയുണ്ട്. അതിനു ഫലപ്രാപ്തി ഉണ്ടാകില്ലെന്നു അന്ധവിശ്വാസത്തിന്റെ ബലത്തിൽ തന്നെ ജനങ്ങൾ തിരിച്ചറിയുകയും ഇരുപതിനായിരം രൂപ ബോർഡിനു നഷ്ടപ്പെടുകയും ചെയ്യും. നവോത്ഥാനമൂല്യങ്ങളെ നിരാകരിക്കുന്ന വഴിപാടുകൾ വേണ്ടെന്നു വയ്ക്കുന്നതാണ് ഉചിതം.

Exit mobile version