October 1, 2023 Sunday

വര്‍ഗീയ ആയുധമാക്കുന്ന വസ്ത്രധാരണം

Janayugom Webdesk
February 8, 2022 5:01 am

വസ്ത്രവും ഭക്ഷണവും വര്‍ഗീയതയുടെയും വിഭാഗീയതയുടെയും പേരില്‍ വിദ്വേഷ പ്രചരണായുധമാക്കുന്ന പ്രവണത സൃഷ്ടിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. അതിനു പിന്നീടാണ് ധരിച്ച വസ്ത്രമാണോ പ്രശ്നമെന്ന ചോദ്യം സ്ഥാനത്തും അസ്ഥാനത്തും ഉയരുന്നതും നാം കേട്ടു തുടങ്ങുന്നതും. അധികാരത്തിന്റെ തണലില്‍ ഭൂരിപക്ഷ വര്‍ഗീയത താണ്ഡവമാടിത്തുടങ്ങിയപ്പോഴാണ് വസ്ത്രം വിദ്വേഷ പ്രചരണത്തിന്റെ ആയുധമായി മുന്‍നിരയിലെത്തിയത്. വിശ്വാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ രീതി നേരത്തെ ഉണ്ടായിരുന്നു. പല വിശ്വാസികളിലും കാലക്രമേണ വസ്ത്രധാരണരീതിയില്‍ മാറ്റമുണ്ടാവുകയും ചെയ്തിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പുവരെ അപൂര്‍വമായിരുന്ന പര്‍ദ ഇന്ന് മുസ്‌ലിം സ്ത്രീകളിലെ മഹാഭൂരിപക്ഷത്തിന്റെയും വസ്ത്രമായി മാറിയിരിക്കുന്നു. കേരളത്തില്‍പോലും ഗ്രാമ — നഗര വ്യത്യാസമില്ലാതെ പര്‍ദക്കടകള്‍ വ്യാപകമായതും നമ്മുടെ മുന്നിലുണ്ട്. മറ്റു മതസ്ഥരുടെ വേഷവിതാനങ്ങളിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അവയെല്ലാം വ്യക്തിപരമോ വിശ്വാസപരമോ മാത്രമായി എല്ലാവരും കാണുമായിരുന്നു. എന്നാല്‍ അടുത്തകാലത്തായി വ്യക്തികളുടെ വസ്ത്രങ്ങളും ധാരണരീതികള്‍ പോലും ചര്‍ച്ചയും വിവാദവുമായി മാറിയിരിക്കുകയാണ്. വിശ്വാസത്തിന്റെയോ വ്യക്തി സ്വാതന്ത്ര്യത്തിന്റെയോ തലത്തില്‍ നിന്ന് വര്‍ഗീയവും രാഷ്ട്രീയവുമായ ഉപകരണത്തിന്റെ തലത്തിലേക്ക് ബോധപൂര്‍വം മാറ്റിയതാണ് വിവാദവും ചര്‍ച്ചയുമാക്കി ഈ വിഷയത്തെ എത്തിച്ചത്. അതില്‍ പ്രമുഖ പങ്കുവഹിച്ചതാകട്ടെ തീവ്ര വലതുപക്ഷ, ഭൂരിപക്ഷ വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും. വലതുപക്ഷ തീവ്ര ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ഉപാധിയായി ഇതിനെ മാറ്റിയപ്പോള്‍ അതേ നാണയത്തില്‍ ചെറുത്തുകൊണ്ട് ന്യൂനപക്ഷ വര്‍ഗീയ സംഘടനകളും രംഗം കൊഴുപ്പിച്ചു.

 


ഇതുകൂടി വായിക്കൂ:  രാഷ്ട്രനിലനില്പിനെ വെല്ലുവിളിക്കുന്ന വര്‍ഗീയ രാഷ്ട്രീയം


 

ഈ ഒരു സാഹചര്യത്തിലാണ് കര്‍ണാടകയില്‍ ഉണ്ടായിരിക്കുന്ന ശിരോവസ്ത്ര ധാരണവും അതിന്റെ നിരോധനവും വിവാദമായി മാറുന്നത്. ഉഡുപ്പി, ചിക്‌മംഗളുര്‍ ജില്ലകളിലെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്‌സ് ആർട്‌സ് ആന്റ് സയൻസ് ഡിഗ്രി കോളജില്‍ ശിരോവസ്ത്രം ധരിച്ച് പ്രവേശിക്കുന്നത് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. രക്ഷിതാക്കളും മുസ്‌ലിം ആണ്‍കുട്ടികളും സമരത്തില്‍ അണിചേര്‍ന്നു. ഇതിനെതിരെ ഹിന്ദു വിദ്യാര്‍ത്ഥികളോട് കാവി ഷാൾ ധരിക്കാന്‍ ബജ്റംഗ്‌ദള്‍ നി­ര്‍ബന്ധിക്കുകയും അ­വരുടെ പ്രവര്‍ത്തകര്‍ കാവി ഷാ­ള്‍ അണിഞ്ഞ് എ­ത്തുകയും ചെ­യ്തു. ഇ­തിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങളിലെ യൂ­ണിഫോം നിർബന്ധമായും ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന കർണാടക വിദ്യാഭ്യാസ നിയമത്തിലെ 133(2) ഉപവകുപ്പ് പ്രാബല്യത്തില്‍ വരുത്തി സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട അടിച്ചേല്പിക്കുന്നതിനാണ് സർക്കാർ ഉത്തരവിറക്കിയത്. സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റിന് അവർക്ക് ഇഷ്ടമുള്ള യൂണിഫോം തിരഞ്ഞെടുക്കാം. പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോളജ് വികസന സമിതിയോ പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡിന്റെ അപ്പീൽ കമ്മിറ്റിയോ തിരഞ്ഞെടുക്കുന്ന വസ്ത്രമാണ് വിദ്യാർത്ഥികൾ ധരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂണിഫോം തിരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സമത്വത്തിനും അഖണ്ഡതയ്ക്കും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വസ്ത്രധാരണത്തിന് ഏകീകൃത രീതി അവലംബിക്കുമ്പോഴും തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ശിരോവസ്ത്രം ഉള്‍പ്പെടെ ഉപയോഗിക്കുന്നതിന് വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് തടസമില്ലായിരുന്നു. അത്തരമൊരു സാഹചര്യം നിരാകരിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേകം മുറിയില്‍ വെറുതെയിരുത്തി പഠിക്കാനുള്ള അവകാശനിഷേധവും ഇന്നലെയുണ്ടായി.


ഇതുകൂടി വായിക്കൂ:  ശ്രീകൃഷ്ണനും കുചേലനും ഹെെദരാലിയും


പുരോഗമനത്തിന്റെയോ നവോത്ഥാനത്തിന്റെയോ ഭാഗമായല്ല ഈ വിവാദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നത് വസ്തുതയാണെങ്കിലും ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ഭരണക്കാരുടെ ഒത്താശയോടെ സംഘപരിവാര്‍ സംഘടനകള്‍ ഇതിനെ വര്‍ഗീയ — വിദ്വേഷ ആയുധമാക്കുകയാണ്. അതിനു പിന്നില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ് ലക്ഷ്യമായുള്ളത്. അതുകൊണ്ടാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തലത്തിലേക്ക് അത് വളരുന്നത്. ഭൂരിപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ ഒരു ഭാഗത്തും ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ മറുപക്ഷത്തും അണിനിരക്കുന്നു. വിശ്വാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും തലത്തില്‍ നിന്ന് ഈ വിഷയം വഴിമാറുകയും ചെയ്യുന്നു. അതുകൊണ്ട് ബഹുസ്വര — ബഹുമത സമൂഹത്തില്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വിദ്വേഷത്തിനും വിഭാഗീയതയ്ക്കുമുള്ള ഉപാധിയാക്കി, വസ്ത്രവും ഭക്ഷണവും ഉള്‍പ്പെടെയുള്ള വ്യക്തി — വിശ്വാസ സ്വാതന്ത്ര്യങ്ങള്‍ മാറിക്കൂടെന്നാണ് കര്‍ണാടകയിലെ വിവാദവും വിദ്വേഷ പ്രചരണങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.