Site iconSite icon Janayugom Online

മരണക്കാരണം കരളിനേറ്റ ക്ഷതം മുറിവാലന് ആചാരങ്ങളോടെ വിട

murivalanmurivalan

ചക്ക കൊമ്പന്റെ കുത്തേറ്റ് ചെരിഞ്ഞ മുറിവാലന്റെ ജഡം മറവു ചെയ്തു. ചിന്നക്കനാൽ 60 ഏക്കറിന് സമീപമാണ് ജഡം മറവ് ചെയ്തത്. കരളിനേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ശരീരത്തിൽ നിന്നും 20 പെല്ലറ്റുകൾ കണ്ടെത്തി. വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, വനം വകുപ്പ് വെറ്ററിനറി സർജന്മാരായ ഡോ. പി ജി സിബി, എസ് കെ അരുൺകുമാർ, ആർ അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കരളിനേറ്റ ക്ഷതമാണ് മുറിവാലൻ കൊമ്പന്റെ മരണകാരണമെന്നാണ് നിഗമനം. ചക്കക്കൊമ്പന്റെ നീണ്ട കൊമ്പുകൾ ആഴ്ന്നിറങ്ങിയാണ് മുറിവാലന്റെ കരളിന് പരുക്കേറ്റത്. വാരിയെല്ലുകൾക്കും പൊട്ടൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 21നാണ് രണ്ട് ഒറ്റയാൻമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുറിവാലന് ഗുരുതര പരിക്കേൽക്കുന്നത്. 

അതിനുശേഷം ഇടത് കാലിന്റെ ചലനശേഷി നഷ്ടമായതോടെ മുറിവാലൻ അറുപതേക്കറിന് സമീപമുള്ള ചോലയിൽ വീഴുകയായിരുന്നു. മുറിവുകളിലെ അണുബാധയും അവസ്ഥ വഷളാകാൻ കാരണമായി. 45 വയസ് പ്രായമുള്ള മുറിവാലൻ കൊമ്പനായിരുന്നു ഇതുവരെ ചിന്നക്കനാൽ മേഖലയിലെ ഏറ്റവും പ്രായം കൂടിയ കാട്ടാന. മുറിവാലൻ കൊമ്പന്റെ ജഡം സംസ്കരിക്കുന്നതിന് മുൻപ് തദ്ദേശീയരായ മുതുവാൻ വിഭാഗത്തിൽ പെട്ടവർ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. മൂന്നാർ എസിഎഫ് ജോബ് ജെ നേര്യംപറമ്പിൽ, ദേവികുളം റേഞ്ച് ഓഫീസർ പി വി വെജി എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്താണ് നടപടികൾ പൂർത്തിയാക്കിയത്. കൊമ്പന്റെ ജഡത്തിൽ നിന്നും 20പെല്ലറ്റുകൾ കണ്ടെത്തിയെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 19 പെല്ലറ്റുകളും ആനകളെ ഓടിയ്ക്കാൻ ഉപയോഗിയ്ക്കുന്ന ട്വൽവ് ബോർ തോക്കുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

വന്യജീവികളെ തുരത്താനായി വനം വകുപ്പ് ഉപയോഗിക്കുന്ന തോക്കുകൾ ആണ് ട്വൽവ് ബോർ ആക്ഷൻ തോക്കുകൾ. ദേവികുളം റേഞ്ചിൽ 4 ട്വൽവ് ബോർ തോക്കുകൾ ആണുള്ളത്. എന്നാൽ ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കൊമ്പന്റെ ശരീരത്തിൽ ഉള്ള പെല്ലറ്റുകൾ എയർഗൺ പോലുള്ള തോക്കുകൾ ഉപയോഗിച്ച് വെടിവെച്ചതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇടത്തരം വലുപ്പത്തിലുള്ള ഒരു പെല്ലറ്റും മുറിവാലന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയവങ്ങളിൽ ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ളവയല്ല. 

Exit mobile version