ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളില്‍ കുറ്റാരോപിതരായ ആര്‍ജി കര്‍ മെഡിക്കല്‍ കൊളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്,മുന്‍ മെഡിക്കല്‍ സൂപ്രണ്ട് സഞ്ചയ് വസിഷ്ത് മറ്റ് 13 പേര്‍ എന്നിവരുടെ പരിസര പ്രദേശങ്ങളില്‍ ഇന്ന് സിബിഐ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.
രോഗികളുടെ പരിചരണത്തിനായി മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ച് നല്‍കുന്ന ആളുകളുടെ വീടുകളിലും ഓഫീസുകളിലും സിബിഐയിലെ അഴിമതി വിരുദ്ധ വിഭാഗം പരിശോധന നടത്തി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 B(ക്രിമിനല്‍ ഗൂഢാലോചന),420(വഞ്ചന),എന്നിവ പ്രകാരമാണ് സിബിഐ സന്ദീപ് ഘോഷിനെതിരെയും മറ്റ് സ്വകാര്യ ഏജന്‍സികള്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രാവിലെ 8 മണി മുതല്‍ ഘോഷിന്റെ ബലിയാഘാട്ടയിലെ വസതിയില്‍ വച്ച് 7 സിബിഐ ഉദ്യോഗസ്ഥരെങ്കിലും ഇയാളെ ചോദ്യം ചെയ്തു.അതേസമയം മറ്റു ഉദ്യോഗസ്ഥര്‍ മുന്‍ മെഡിക്കല്‍ സൂപ്രണ്ട് വസിഷ്ഠ്,ആശുപത്രി വൈസ് പ്രസിഡന്റ്,ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസര്‍ എന്നിവരെ ചോദ്യം ചെയ്തു.
ഒരു വലിയ വിഭാഗം കേന്ദ്ര സേനയുമായി സിബിഐ സംഘം രാവിലെ 8 മണിയോടെ ഘോഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ വാതില്‍ തുറക്കാനായി ഒന്നര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായി അധികൃതര്‍ പറയുന്നു.