റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസുകളിൽ നടപടി കടുപ്പിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ. 2,220 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്കും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനും (ആർകോം) എതിരെ സിബിഐ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. അനിൽ അംബാനിയുടെ മുംബൈ പാലി ഹില്ലിലെ വസതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞദിവസം കണ്ടുകെട്ടിയിരുന്നു.
അനിൽ അംബാനിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ‘റൈസ്ഇ’ എന്ന സ്വകാര്യ ഫാമിലി ട്രസ്റ്റിലേക്ക് പാലി ഹില്ലിലെ വസതി ഉൾപ്പെടെയുള്ള ആസ്തികൾ മാറ്റിയതായി ഇഡി കണ്ടെത്തി. ഈ സ്വത്തുക്കളിൽ അനിൽ അംബാനിക്ക് നേരിട്ട് പങ്കില്ലെന്ന് വരുത്തിത്തീർക്കാനും നിയമനടപടികളിൽ നിന്ന് ആസ്തികൾ സംരക്ഷിക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. ഇതോടെ റിലയൻസ് ഗ്രൂപ്പിൽ നിന്ന് ഇഡി കണ്ടുകെട്ടിയ ആകെ ആസ്തികളുടെ മൂല്യം 15,700 കോടി രൂപ കടന്നു.
ബാങ്ക് ഓഫ് ബറോഡ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. ഇതിൽ മുൻപ് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയിൽ നിന്ന് എടുത്ത വായ്പകളും ഉൾപ്പെടുന്നു. വായ്പയായി ലഭിച്ച തുക റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റ് കക്ഷികളിലേക്ക് വ്യാജ ഇടപാടുകളിലൂടെ വകമാറ്റിയതായി ബാങ്ക് പരാതിയിൽ പറയുന്നു.
ആർ കോം അക്കൗണ്ട് രേഖകളിൽ കൃത്രിമം കാണിച്ചും സാമ്പത്തിക ക്രമക്കേടുകൾ മറച്ചുവെച്ചുമാണ് വായ്പകൾ നേടിയത്. വിവിധ ആഭ്യന്തര, വിദേശ ബാങ്കുകളിൽ നിന്നായി ആർ കോം എടുത്ത വായ്പകളിൽ ഏകദേശം 40,185 കോടി രൂപ നിലവിൽ കുടിശികയാണ്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അനിൽ അംബാനിയുടെ വസതിയിലും റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഓഫീസുകളിലും സിബിഐ വിപുലമായ റെയ്ഡ് നടത്തി. വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഇഡി രണ്ടാംവട്ടം അനില്‍ അംബാനിയെ ചോദ്യംചെയ്തു.
നേരത്തെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 11 ബാങ്കുകളുടെ കൺസോർഷ്യം നൽകിയ പരാതിയിൽ സിബിഐ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2017‑ൽ തന്നെ ആർ കോം അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബോംബെ ഹൈക്കോടതിയിലെ ഹർജിയെത്തുടർന്ന് തുടർനടപടികൾ തടസ്സപ്പെട്ടിരുന്നു. ഈ മാസം 23‑ന് കോടതി നിയന്ത്രണം നീക്കിയതോടെയാണ് ബാങ്ക് ഓഫ് ബറോഡ ഔദ്യോഗികമായി പരാതി നൽകിയത്.

