Site icon Janayugom Online

പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

ഒരു വര്‍ഷത്തോടടുക്കുന്ന കര്‍ഷകരുടെ ഐതിഹാസിക സമരത്തിന് അത്യുജ്ജ്വല വിജയം. കര്‍ഷകരോഷാഗ്‌നിയില്‍ വെന്തുരുകിയ നരേന്ദ്രമോഡി സര്‍ക്കാര്‍ ഒടുവില്‍ മുട്ടുമുടക്കി, ജനാധിപത്യത്തെയും ജനങ്ങളെയും വെല്ലുവിളിച്ച് പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. മോഡി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉണ്ടാവും.

ചെറുകിട കര്‍ഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സമരത്തെ ദീര്‍ഘമായി നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കയാണ്. അതിനാല്‍ രാഷ്ട്രീയ ലക്ഷ്യം കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്നറിയിച്ചതിനാല്‍ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് ഈ നീക്കം.

തീരുമാനത്തെ സ്വാഗതം ചെയ്ത് അഖിലേന്ത്യാ കിസാന്‍ സഭ, തീരുമാനം തെരെഞ്ഞെടുപ്പ് മുന്നില്‍കണ്ടെന്ന് സിപിഐ പ്രതികരണം. നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ തന്ത്രമാണ് പുതിയ നീക്കമെന്ന് ബിനോയ് വിശ്വം എംപി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പുതിയ നീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ പാര്‍ലമെന്റില്‍
പിന്‍വലിച്ചതിനു ശേഷമേ സമരം പിന്‍വലിക്കൂവെന്ന് സംയുക്ത കര്‍ഷക സമിതി നേതാവ്‌
രാകേഷ് ടികായത്ത് പറഞ്ഞു.

eng­lish summary:Center kneels before protests
you may also like this video;

Exit mobile version