Site iconSite icon Janayugom Online

കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഫ്ലക്‌സി ഫണ്ട് വിനിയോഗസാധ്യത പരിശോധിക്കുമെന്ന് മന്ത്രി കെ രാജന്‍

വയനാട് ചൂരൽമല ദുരന്തം സംബന്ധിച്ച് കേന്ദ്രം കോടതിയെയും കേരള ജനതയെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ഹൈക്കോടതിയും സര്‍ക്കാരും നിരന്തരമായി ആവശ്യപ്പെട്ടപ്പോള്‍, കേരളത്തിന് അനുവദിച്ച എസ്‌ഡിആര്‍എഫില്‍ നിന്ന് 153 കോടി രൂപ (50 ശതമാനം) ഉപയോഗിക്കാനുള്ള അവസരം ഹൈ ലവല്‍ കമ്മിറ്റി ചേര്‍ന്ന് കൊടുത്തിട്ടുണ്ട് എന്നാണ് കേന്ദ്രം പറഞ്ഞത്. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി തുക അനുവദിക്കാനാകുമോ എന്നുപോലും കോടതി ചോദിച്ചിരുന്നു. നേരത്തെ അനുവദിച്ചതിന്റെ 50 ശതമാനം ഇപ്പോള്‍ വിനിയോഗിക്കാന്‍ അവസരം കൊടുത്തു എന്ന് പറയുന്നത് തന്നെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഈ പണം കൊണ്ട് 814 ദുരന്തബാധിത കുടുംബങ്ങളുടെ വാടക നല്‍കാന്‍ കഴിയുമോ? 1038 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി 10,000 വീതം നല്‍കിയതില്‍ 5000 രൂപയാണ് എസ്ഡിആര്‍എഫില്‍ നിന്ന് ഉപയോഗിക്കാനാകുക. ബാക്കി 5000 ഈ 152 കോടിയില്‍ നിന്ന് എടുക്കാന്‍ കേന്ദ്രം അനുവദിക്കുമോ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഇല്ല.

പ്രധാനമന്ത്രി തന്നെ പങ്കെടുത്ത് ദുരന്ത നിവാരണ അതോറിട്ടി യോഗം ചേര്‍ന്ന് കേരളം ഉന്നയിക്കുന്ന ഈ പ്രശ്‌നങ്ങള്‍ ഗൗരവമായി എടുക്കാന്‍ അവസരമുണ്ടാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ദുരന്തനിവാരണ ഘട്ടത്തില്‍ 1202കോടി രൂപയുടെ നഷ്ടവും മാനദണ്ഡങ്ങള്‍ക്കതീതമായി അധിക ചെലവ് പ്രതീക്ഷിച്ച് അടിയന്തര സഹായമായി 219 കോടി രൂപ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേ കുറിച്ചും ഇതുവരെ ഒരക്ഷരവും മിണ്ടിയിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണം. ആദ്യം നല്‍കിയ മെമ്മോറാണ്ടം നഷ്ടങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതാണ്. രണ്ടാമത്തേത് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് (പിഡിഎന്‍എ) 2221 കോടിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയെ കുറിച്ചുള്ളതാണ്. ഇത് കേന്ദ്ര സര്‍ക്കാര്‍ എന്‍ഡിആര്‍എഫിലൂടെ പുതുതായി ആരംഭിച്ച റിക്കവറി ആന്റ് റീ കണ്‍സ്ട്രക്ഷന്‍ വിന്‍ഡോയിലൂടെ നവംബര്‍ 13നാണ് സമര്‍പ്പിച്ചത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെയാണ് ഇപ്പോഴും മാധ്യമങ്ങളും പല ഉന്നതരും ചൂരല്‍മല ദുരന്തബാധിതരെ ആശങ്കയിലാക്കുന്നതെന്നും മറുപടിയായി മന്ത്രി പറഞ്ഞു.
അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ 25 ശതമാനം ഫ്ലക്‌സി ഫണ്ട് ദുരന്തനിവാരണത്തിന് വിനിയോഗിക്കാനുള്ള സാധ്യത പരിശോധിച്ച് കേന്ദ്ര സര്‍ക്കാരുമായി ഇതേക്കുറിച്ച് സംസാരിക്കും.

ഇതിനുപുറമെ, മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ കേരളത്തിന് ലഭിക്കുന്ന തുകയുടെ 50 ശതമാനം പുനര്‍നിര്‍മ്മാണത്തിന് വിനിയോഗിക്കാന്‍ വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് കനിവ് കാട്ടാവുന്നതാണ്. എംപിമാരുടെ സഹായം പുനര്‍നിര്‍മ്മാണത്തിനായി ആവശ്യപ്പെടാന്‍ കഴിയും. അഞ്ച് മാസത്തിനുശേഷമാണ് ഔപചാരികമായി ഒരു കത്ത് കിട്ടിയതെങ്കിലും ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. ഐഎംസിടി ശുപാര്‍ശ അംഗീകരിച്ച വിവരം രണ്ട് മാസത്തിനകം അറിയിച്ചിരുന്നെങ്കില്‍ ദുരന്തബാധിതര്‍ക്ക് കുറച്ചുകൂടി ഗുണം ഉണ്ടാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ബോധപൂര്‍വം വൈകിപ്പിച്ചു

വയനാട് ചൂരൽമല ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നത് കേന്ദ്രം ബോധപൂര്‍വം വൈകിപ്പിച്ചുവെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ദുരന്തമുണ്ടായി പത്ത് ദിവസത്തിനകം ഓഗസ്റ്റ് 17ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മൂന്ന് പ്രധാന ആവശ്യങ്ങളില്‍ ഒന്ന് അഞ്ച് മാസത്തിനുശേഷമാണ് തത്വത്തില്‍ അംഗീകരിച്ചു എന്ന കാര്യം കേന്ദ്രം അറിയിച്ചത്. 153 ദിവസം പിന്നിട്ടതിനു ശേഷമാണ് തീരുമാനമുണ്ടായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
2005ല്‍ പാര്‍ലമെന്റ് പാസാക്കിയ ദുരന്തനിവാരണ നിയമത്തിന്റെ സെക്ഷന്‍ 13 പ്രകാരം ചൂരല്‍മലയിലെ ദുരന്തബാധിതരുടെ നിലവിലുള്ള കടങ്ങള്‍ എഴുതി തള്ളണം എന്ന ആവശ്യത്തിനുമേല്‍ കേരളം ഇനിയും ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാകുന്ന കേരള ബാങ്ക് ദുരന്തബാധിതരായ ആളുകളുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളിക്കൊണ്ട് ഒരു മാതൃകകൂടി കാണിച്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. അതിനെ കുറിച്ച് ഒരഭിപ്രായവും ഈ കത്തില്‍ കേന്ദ്രം പറഞ്ഞിട്ടില്ല.

Exit mobile version