Site icon Janayugom Online

രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍പനയ്ക്ക് വെച്ച് കേന്ദ്രം

സ്വദേശി പ്രസ്ഥാനവും, രാഷട്ര സേവനവും പറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ എൻഡിഎ സർക്കാർ രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വിൽപനയ്ക്ക്. അടുത്ത നാല് വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. റോഡ്, റെയിൽവേ, ഊർജം, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സംഭരണശാലകൾ, വൈദ്യുതിനിലയങ്ങൾ, ഖനികൾ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സർക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാൻ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്. നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. 

ബജറ്റിൽ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തിവിൽപനയുടെ 14 ശതമാനം വരുന്നതാണിവ. വെയർഹൗസിങ്, ഖനനം, വ്യോമയാനം, തുറമുഖം, സ്റ്റേഡിയങ്ങൾ, നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ എന്നിവയടക്കം വിറ്റഴിക്കുന്നതിൽ ഉൾപ്പെടും. കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെ 25 വിമാനത്താവളങ്ങളുടെ വിൽപനയിലൂടെ 20, 782 കോടി (18 ശതമാനം) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023ലാണ് കോഴിക്കോട് വിമാനത്താവളം സംബന്ധിച്ച് പദ്ധതിയിട്ടിരിക്കുന്നത്. റോഡ് മേഖലയിൽനിന്ന് 1.6 ലക്ഷം കോടി, റെയിൽവേ മേഖലയിൽനിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉത്പാദനത്തിൽ നിന്ന് 39,832 കോടി, തുറമുഖങ്ങളിൽനിന്ന് 12,828 കോടി, ടെലികോം മേഖലയിൽനിന്ന് 35,100 കോടി, സ്റ്റേഡിയങ്ങളിൽനിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളിൽനിന്ന് 45,000കോടി ഖനന മേഖലയിൽ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയിൽ നിന്ന് 24,462 കോടി, റിയൽ എസ്റ്റേറ്റിൽ നിന്ന് 15000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്ത് പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയിൽ പലതും നടപ്പാക്കുക. സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ജനക്ഷേമത്തിനായി ഗ്രാമ‑അർധ നഗര സംയോജനം എന്നിവ ആസ്തിവിൽപ്പനയിലൂടെ സാധിക്കുമെന്നാണ് മന്ത്രി പറയുന്നത്. കോവിഡ് വ്യാപനത്തിനിടെ പൊതുആസ്തി വിറ്റഴിക്കൽ തീവ്രമാക്കിമാറ്റിയിരിക്കുകയാണ് മോദി സർക്കാർ. ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സംഭരണശാലകൾ, വൈദ്യുതിനിലയങ്ങൾ, ഖനികൾ എന്നിവ അടക്കം ദേശീയ ആസ്തി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നടപടിക്രമമാണ് ഇപ്പോൾ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. 12 മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 20 ഇനം ആസ്തി വിൽക്കും. നാല് വർഷത്തിനകം ആറ് ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ധന–- മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇത് കോർപ്പറേറ്റുകൾക്ക് അടിമപ്പെടുന്നതിനു തുല്യമാണ്. നിതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. സ്റ്റേഡിയങ്ങൾ, പ്രകൃതിവാതക പൈപ്പ്ലൈനുകൾ, ഹോട്ടലുകൾ, പാർപ്പിടസമുച്ചയങ്ങൾ, ടെലികോം ടവറുകൾ എന്നിവയും വിട്ടുകൊടുക്കും. പൊതു–-സ്വകാര്യപങ്കാളിത്ത പദ്ധതികൾ, അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റുകൾ പോലുള്ള മൂലധന കമ്പോള സംവിധാനങ്ങൾ എന്നിവ വഴിയാണ് ആസ്തികൾ കൈമാറുക. ഓരോ മേഖലയുടെയും പ്രത്യേകത, വിപണി താൽപ്പര്യം, നിക്ഷേപകരുടെ ശേഷി, പ്രവർത്തനസൗകര്യം എന്നിവ പരിഗണിച്ച് തീരുമാനമെടുക്കും. നടപ്പ് ബജറ്റിൽ വിഭാവനംചെയ്ത ആസ്തിവിൽപ്പനയുടെ മൂല്യം 88,190 കോടി രൂപയാണ്. ഇതിനു തുടർച്ചയായി 2022–-23ൽ 1.62 ലക്ഷം കോടി, 2023–-24ൽ 1.79 ലക്ഷം കോടി, 2024–-25ൽ 1.67 ലക്ഷം കോടി എന്നീ ക്രമത്തിൽ ആസ്തികൾ കൈമാറും. പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരിവിൽപ്പന വഴി സ്വകാര്യവൽക്കരിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും.

പൊതുമേഖലാ ഓഹരിവിൽപ്പന തുടരും. ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സംഭരണശാലകൾ, വൈദ്യുതിനിലയങ്ങൾ, ഖനികൾ, പ്രകൃതിവാതക പൈപ്പ്ലൈനുകൾ, ടെലികോം ടവറുകൾ, സ്റ്റേഡിയങ്ങൾ, ഹോട്ടലുകൾ, പാർപ്പിടസമുച്ചയങ്ങൾ തുടങ്ങിയവഎല്ലാം കേന്ദ്ര സർക്കാർ വിലക്കാനൊരുങ്ങുകയാണ്. ശക്തമായ സ്വകാര്യവൽക്കരണ സമ്മർദങ്ങൾക്കിടയിലും മൂലധനശക്തികൾക്ക് പിടിമുറുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണ് വൈദ്യുതിവിതരണരംഗം. വൈദ്യുതി നിയമം 2003ന്റെ ഭാഗമായി ഡീലൈസൻസിങ് അടക്കമുള്ള നടപടികൾ സ്വീകരിച്ചതിനാൽ ഉൽപ്പാദനരംഗത്ത് വൻ സ്വകാര്യസംരംഭങ്ങളുണ്ടായി. പ്രസരണരംഗത്ത് സ്വകാര്യമേഖലയ്ക്ക് മുന്നോട്ടുപോകാൻ കഴിയാതിരുന്നത് മുതൽമുടക്ക് തിരിച്ചുപിടിക്കാൻ കൂടുതൽ കാലം വേണ്ടിവരുമെന്നതിനാലാണ്. എന്നാൽ, വിതരണരംഗത്തെ സ്ഥിതി വ്യത്യസ്തമാണ്. ഒഡിഷയടക്കം സ്വകാര്യവൽക്കരണം സ്വീകരിച്ച സംസ്ഥാനങ്ങളിലാകട്ടെ സാധാരണ ഉപയോക്താക്കൾക്ക് വൈദ്യുതിസേവനം അപ്രാപ്യമായിത്തീരുകയും വൈദ്യുതിവിതരണം പൊതുമേഖലയ്ക്ക് തിരിച്ചെടുക്കേണ്ടിയും വന്നു. വൈദ്യുതിമേഖലയുടെ രക്ഷയ്ക്ക് സ്വകാര്യവൽക്കരണംതന്നെയെന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്കും, സ്വകാര്യമേഖലയ്ക്കും അടിയവ് പറയുന്ന നയമാണ് ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.
eng­lish summary;Center sells assets worth Rs 6 lakh crore
you may also like this video;

Exit mobile version