ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികളുടെ നിർത്തലാക്കിയ സ്കോളർഷിപ്പുകൾ പുനഃസ്ഥാപിക്കുകയില്ലെന്ന കേന്ദ്ര സർക്കാരിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം.
കേന്ദ്ര നിലപാട് പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ലക്ഷക്കണക്കായ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഇതോടെ ഇരട്ടിയായി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അവസാന തീർപ്പ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി വെളിപ്പെടുത്തിയത്. ഇതോടെ പ്രശ്നത്തിൽ വിദ്യാർത്ഥി സംഘടനകള്‍ നടത്തിവരുന്ന പ്രതിഷേധം വ്യാപിക്കാനും ശക്തി പ്രാപിക്കാനും സാധ്യതയേറി. പുതിയ സ്കോളർഷിപ്പ് പദ്ധതികൾക്ക് ഉദ്ദേശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മുസ്ലിം, ക്രിസ്ത്യൻ, ജൈന, പാഴ്സി, ബുദ്ധ, സിഖ് എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകിവന്ന അഞ്ച് പദ്ധതികളാണ് 2022–23ൽ കേന്ദ്രം ഏകപക്ഷീയമായി നിർത്തലാക്കിയത്. നാല് പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്തു. ക്ഷേമത്തിനായുള്ള 15 പോയിന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2006ൽ ആരംഭിച്ചതാണ് പദ്ധതി. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സുപ്രധാന പിന്തുണയായിരുന്നു സ്കോളർഷിപ്പുകൾ.
എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾക്കുള്ള അഞ്ച് വർഷത്തെ സാമ്പത്തിക സഹായ പദ്ധതിയായ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (എംഎഎൻഎഫ്), ന്യൂനപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പകൾക്ക് പലിശ സബ്സിഡി പദ്ധതി, പ്രീ-മെട്രിക് — പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ തുടങ്ങിയവയുൾപ്പെടെ പല പദ്ധതികളും നിർത്തലാക്കി. ചിലവയുടെ ഫണ്ട് വെട്ടിക്കുറച്ചു. ചിലത് അനുവദിക്കാതെയായി. പല വിദ്യാർത്ഥികളും എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകളിൽ ചേരാനുള്ള മുഖ്യ കാരണം ഫെലോഷിപ്പായിരുന്നു. 2015നും 22നുമിടയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഇത് ഉപകാരപ്രദമായത്.
ഉയർന്ന വിദ്യാഭ്യാസ ഇടങ്ങളിൽ ന്യൂനപക്ഷത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്ന വ്യക്തമായ സൂചനയാണ് കേന്ദ്രത്തിന്റെ നടപടി നൽകുന്നതെന്നായിരുന്നു വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം.