Site iconSite icon Janayugom Online

ചലച്ചിത്രമേളയെ പ്രതിസന്ധിയിലാക്കി കേന്ദ്രം; ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’, ‘ബാറ്റിൽഷിപ് പൊട്ടംകിൻ’ ഉൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെ പ്രതിസന്ധിയിലാക്കി കേന്ദ്ര സർക്കാരിൻ്റെ കടുംവെട്ട്. സെൻസർ ചെയ്യാതെ എത്തുന്ന സിനിമകൾക്ക് സാധാരണ നൽകിവരുന്ന സർട്ടിഫിക്കേഷന്‍ കേന്ദ്രം നിഷേധിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഫാസിസ്റ്റ് വിരുദ്ധത പ്രമേയമായ ചാർളി ചാപ്ലിന്‍റെ ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’, സോവിയറ്റ് ചലച്ചിത്രകാരനായ സെര്‍ഗി ഐസൻസ്റ്റീന്‍റെ ‘ബാറ്റിൽഷിപ് പൊട്ടംകിൻ’ എന്നീ വിശ്വവിഖ്യാത സിനിമകൾക്ക് ഉള്‍പ്പടെയാണ് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചത്. വിശ്വവിഖ്യാത ചലച്ചിത്രകാരൻ ചാർലി ചാപ്ലിന്റെ എക്കാലത്തെയും മികച്ച ഫാസിസ്റ്റ് വിരുദ്ധ ചിത്രമായ ദ ഗ്രേറ്റ് ഡിക്ടറ്റർ, നൂറാം വാർഷികം ആഘോഷിക്കുന്ന റഷ്യൻ ചലച്ചിത്ര പ്രതിഭ സെർജി ഐസസ്റ്റീനിന്റെ ക്ലാസിക് സിനിമ ബാറ്റിൽഷിപ് പൊട്ടംകിൻ. ലോകത്തെ ചലച്ചിത്രപ്രേമികൾ ഹൃദയത്തിൽ ഏറ്റുന്ന ഇവ ഉൾപ്പെടുന്ന 19 സിനിമകൾക്കാണ് കേന്ദ്രസർക്കാർ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ കടുംവെട്ട് വെട്ടിയിരിക്കുന്നത്. പലസ്തീൻ വിഷയം പ്രമേയമാക്കിയ സിനിമകളെയും കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെട്ടി നിരത്തി. ഇന്ന് മാത്രം ഒൻപത് സിനിമകളുടെ പ്രദർശനത്തെയാണ് പ്രതിസന്ധി ബാധിച്ചത്. 

പ്രദർശനാനുമതി നിഷേധിച്ച 19 ചിത്രങ്ങളുടെ പട്ടികയിലെ നാല് സിനിമകള്‍ പലസ്തീന്‍ പാക്കേജില്‍ ഉള്‍പ്പെടുന്നവയാണ്. കേന്ദ്ര നടപടിക്കെതിരെ പ്രതികരണവുമായി സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഭയാനകമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും എം എ ബേബി ആരോപിച്ചു. പലസ്തീൻ പാക്കേജിലെ മൂന്ന് സിനിമകൾക്ക് പ്രദർശനാനുമതി കിട്ടിയിട്ടില്ല. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സമ്പ്ഷൻ അനിവാര്യമാണ്. ഇതില്ലാതെ വന്നതോടെ ഇന്നലെയും ഇന്നുമായി ഏഴ് ചിത്രങ്ങളുടെ പ്രദർശനം മുടങ്ങി. നാളെ എട്ട് ചിത്രങ്ങളുടെ പ്രദർശനം മുടങ്ങിയേക്കും.

Exit mobile version