Site iconSite icon Janayugom Online

കോച്ചിങ് സെന്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

രാജ്യത്തെ കോച്ചിങ് സെന്ററുകൾക്ക് മാർഗനിർദേശവുമായി കേന്ദ്രം. നൂറു ​ശതമാനം ജോലി സാധ്യത, നൂറു ശതമാനം വിജയം തുടങ്ങിയ വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്ന കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിട്ടി (സിസിപിഎ) തയ്യാറാക്കിയ അന്തിമ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. സിസിപിഎ ഇതുവരെ 54 കോച്ചിങ് സെന്ററുകൾക്ക് നോട്ടീസ് നൽകുകയും, 54.60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
കോച്ചിങ് സെന്ററുകൾ വിദ്യാർത്ഥികളിൽ നിന്ന് ബോധപൂർവം വിവരങ്ങൾ മറച്ചുവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇത്തരം സെന്ററുകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നതെന്നും, ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു. സർക്കാർ കോച്ചിങ് സെന്ററുകൾക്ക് എതിരല്ലെന്നും, എന്നാൽ പരസ്യങ്ങളിലൂടെ ഉപഭോക്തൃ അവകാശങ്ങളെ ഹനിക്കാൻ പാടില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.

പുതിയ മാർഗനിർദേശ പ്രകാരം, കോച്ചിങ് സെന്ററുകളിലെ കോഴ്‌സുകളെയും കാലാവധിയെയും കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കാൻ പാടില്ല. കൂടാതെ, ഫീസ് നിരക്കുകൾ, ഫീസ് റീഫണ്ട്, തൊഴിൽ സാധ്യത, ശമ്പളം എന്നിവയിലും വ്യാജ വാഗ്ദാനങ്ങൾ പാടില്ലെന്ന് നിർദേശമുണ്ട്.

വിജയിച്ച വിദ്യാർത്ഥികളുടെ പേരുകളോ ഫോട്ടോഗ്രാഫുകളോ രേഖാമൂലമുള്ള സമ്മതമില്ലാതെ കോച്ചിങ് സെന്ററുകൾഉപയോഗിക്കാൻ പാടില്ല. നിരവധി വിദ്യാർത്ഥികൾ കോച്ചിങ് സെന്ററുകളുടെ സഹായമില്ലാതെ യുപിഎസ്‌സി പ്രിലിമിനറി, മെയിൻ പരീക്ഷകൾ പാസാകുന്നു. വിജയിക്കുന്ന വിദ്യാർത്ഥികൾ ഏതൊക്കെ വിഷയങ്ങളിലാണ് എൻറോൾ ചെയ്തതെന്ന് കോച്ചിങ് സെന്ററുകളിലെത്തുന്ന പുതിയ വിദ്യാർത്ഥികൾ പരിശോധിക്കണമെന്നും നിധി ഖരെ പറഞ്ഞു. 

Exit mobile version