വൈദ്യുതി നിരക്കുകൾ കുത്തനെ ഉയർത്താൻ കേന്ദ്ര സർക്കാർ. ഇതിനായി വൈദ്യുത ചട്ടങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തി.
വൈദ്യുത (ഉപഭോക്താക്കളുടെ അവകാശങ്ങൾ) ചട്ടങ്ങൾ 2020 ലാണ് ഭേദഗതി. ഇതിന്റെ അടിസ്ഥാനത്തിൽ പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് നിരക്കിൽ 10–20 ശതമാനം വരെ കുറവു വരുമെങ്കിലും രാത്രിയിലെ ഉപയോഗത്തിന്റെ നിരക്കിൽ 10–20 ശതമാനം വർധന ഉണ്ടാകും. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനെന്ന് പുതിയ ചട്ട ഭേദഗതിയെന്ന് കേന്ദ്രം വാദിക്കുമ്പോഴും ഫലത്തിൽ രാത്രിയിലെ വൈദ്യുത ഉപയോഗത്തിന്റെ നിരക്കിൽ 20 ശതമാനത്തോളം ഉയർച്ച ഉണ്ടാകുന്നത് ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകും.
ഉപയോഗിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാകും ഇനി വൈദ്യുതി നിരക്കുകൾ. ഇതിനായി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന ചട്ടങ്ങളിലും കേന്ദ്രം ഭേദഗതി വരുത്തി. വൈദ്യുതി ചട്ടങ്ങളിൽ വരുത്തിയ മാറ്റം സ്വന്തം വൈദ്യുതി ബിൽ കുറയ്ക്കാൻ ഉപഭോക്താവിന് അവസരം നൽകുന്നതാണെന്ന് കേന്ദ്ര ഊർജ്ജമന്ത്രി ആർ കെ സിങ്ങ് പറഞ്ഞു. ഊർജ്ജ സംവിധാനങ്ങളുടെ കൂടുതൽ ഫലപ്രദമായ ഉപയോഗം, പവർ ഗ്രിഡുകളുടെ സംയോജനം, ആവർത്തിച്ച് ഉപയോഗിക്കാവുന്ന ഊർജ്ജ സമ്പത്തിന്റെ വിനിയോഗം, ഊർജ്ജ ഉപഭോഗത്തിന്റെ പരിവർത്തനം എന്നീ കാര്യങ്ങൾക്ക് പുതിയ നീക്കം ഊർജ്ജം പകരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ ചട്ടഭേദഗതി പകൽ പ്രവർത്തിക്കുന്ന വ്യവസായ ശാലകൾക്ക് ഗുണകരമാകുമെങ്കിലും ഗാർഹിക ഉപഭോക്താക്കളുടെ കാര്യത്തിൽ വിപരീത ഫലമാകും സൃഷ്ടിക്കുക. പുതിയ ചട്ട ഭേദഗതി വാണിജ്യ‑വ്യവസായ ഉപഭോക്താക്കൾക്ക് 2024 ഏപ്രിൽ ഒന്നു മുതലും കാർഷികേതര ഉപഭോക്താക്കൾക്ക് 2025 ഏപ്രിൽ ഒന്നിനകവും നടപ്പിൽ വരും. ഇതിനു മുന്നോടിയായി എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള ചെലവും ഉപഭോക്താവ് തന്നെ വഹിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
english summary;CENTRAL AMENDMENT IN ELECTRICITY RULES
you may also like this video;