കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ അതിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളിലും മാറ്റം വരികയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍(എകെഎസ‌്ടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ നവലിബറല്‍ നയങ്ങള്‍, കമ്പോളത്തിനാവശ്യമുള്ളത് ഉല്പാദിപ്പിക്കുന്ന മേഖലയായി വിദ്യാഭ്യാസമേഖലയെ മാറ്റിയിരിക്കുകയാണ്. വിദ്യാഭ്യാസം സാമൂഹ്യപുരോഗതിക്ക് എന്നുള്ള ആശയത്തില്‍ നിന്ന് വ്യവസായലോകം ആവശ്യപ്പെടുന്നതെന്തോ അത് കൊടുക്കാനുള്ള ബാധ്യതയിലേക്ക് മാറിയിരിക്കുന്നു. ഒരു പുതിയ സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അത് യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള തലമുറയാവണം എന്ന സങ്കല്പം കുറഞ്ഞുകുറഞ്ഞുവരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുവാനും മിത്തുകളെ യാഥാര്‍ത്ഥ്യങ്ങളുമായി ഇണക്കിചേര്‍ക്കാനും നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നു.
ഇന്ത്യയുടെ പുരോഗതി രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലുമാണ്. എന്നാല്‍ ആ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിന് പകരം മറ്റൊരു തലത്തിലേക്ക് നമ്മുടെ സമൂഹത്തെ കൊണ്ടുപോകാന്‍ ഭരണകൂടം ആഗ്രഹിക്കുന്നു. മതരാഷ്ട്രസങ്കല്പം അടിച്ചേല്പിക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം നമ്മുടെ പരിഷ്കൃതസമൂഹം നേരിടുന്ന പ്രശ്നങ്ങളാണ്. ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പോരാട്ടമാണ് ഈ മേഖലയിലെല്ലാം ആവശ്യമായിട്ടുള്ളത്.
വിദ്യാഭ്യാസ മേഖലയില്‍ വളരെ വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാല്‍ കേരളം പോലുള്ള സംസ്ഥാനത്ത് മനുഷ്യക്കുരുതി പോലുള്ള കാര്യങ്ങള്‍ നടക്കുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ സംസ്ഥാനം മുന്നോട്ടാണോ അതോ പിന്നോട്ടാണോ സഞ്ചരിക്കുന്നത് എന്ന് ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും വിദ്യാഭ്യാസമേഖലയുടെ നവീകരണത്തിനായി അനവധി നടപടികളാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും കാനം പറഞ്ഞു. ചടങ്ങില്‍ പി സന്തോഷ് കുമാര്‍ എം പി അധ്യക്ഷനായി.
English Summary:Central government are changing educational systems: Kanam
You may also like this video