റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ കേരളത്തിന്റെ അന്നംമുട്ടിക്കുന്നു. സംസ്ഥാനത്തിനുള്ള പുഴുക്കലരി വിഹിതം 90 ശതമാനവും വെട്ടിക്കുറച്ചു. നിലവില്‍ അരിവിഹിതത്തിന്റെ 90 ശതമാനവും പച്ചരിയാണ് ലഭിക്കുന്നത്. മാർച്ച് വരെ ഇതേനില തുടരുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ എഫ്‍സിഐ വഴി സംസ്ഥാനത്തിന് 50:50 എന്ന തോതിലായിരുന്നു അരി വിഹിതം കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നല്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി എഫ്‍സിഐയില്‍ നിന്നും പുഴുക്കലരി തീരെ കിട്ടാത്ത അവസ്ഥയാണ്. പുഴുക്കലരിയുടെ ലഭ്യതക്കുറവ് കേരളത്തിൽ പൊതുവെയും പ്രത്യേകിച്ച് മലയോര–തീരദേശ മേഖലകളിലെ ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. സാധാരണക്കാർ കൂടുതൽ വില നൽകി പൊതുവിപണിയിൽ നിന്ന് അരി വാങ്ങേണ്ട സ്ഥിതിയിലാണ്. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമുള്ള സാധ്യതയും കൂടും.
പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് പൊതുവിപണിയില്‍ അരിവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ജയ, മട്ട, കുറുവ തുടങ്ങിയ എല്ലാത്തരം അരിയുടെയും വില്പനയും ഗണ്യമായി കൂടി. സംസ്ഥാനത്തെ ആകെയുള്ള 93.10 ലക്ഷം റേഷന്‍ കാർഡിൽ അഞ്ചുലക്ഷത്തിലധികം വരുന്ന മഞ്ഞക്കാർഡ് ഉടമകളും 23 ലക്ഷത്തോളമുള്ള ചുവപ്പു കാർഡുകാരില്‍ ഭൂരിഭാഗവും റേഷൻ കടകളിലെ പുഴുക്കലരിയെ ആശ്രയിക്കുന്നവരാണ്. റേഷൻകടകളിലൂടെ ലഭിക്കുന്നതിലധികവും പച്ചരിയായതിനാൽ അരി വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. ഇതുമൂലം വിതരണം കുറയുന്നത് കേന്ദ്ര സർക്കാർ അനുവദിക്കുന്ന അലോട്ട്മെന്റില്‍ കുറവ് വരുത്താൻ കാരണമാവുമെന്നും റേഷൻ വ്യാപാരികള്‍ പറയുന്നു.
കേന്ദ്രത്തെ ആശങ്ക അറിയിച്ചു: മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: കേരളത്തിലെ റേഷന്‍കടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനിൽ അറിയിച്ചു. റേഷന്‍ കടകളിൽ പുഴുക്കലരി വിതരണം കുറഞ്ഞതോടെ സാധാരണക്കാര്‍ ഏറെ പ്രയാസത്തിലാണ്. ഇത് കേരളത്തിലെ റേഷന്‍ സമ്പ്രദായത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കേരളത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ റേഷന്‍ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനഃക്രമീകരിക്കുന്നതിനു വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
English Summary: central government has cut the supply of rice through ration shops
You may also like this video